സത്യപ്രതിജ്ഞ ചടങ്ങിനിടയില്‍ രാഷ്ട്രപതി ഭവന്റെ ഗ്രാന്‍ഡ് ഫോര്‍കോര്‍ട്ടിലൂടെ കടന്നുപോയത് ആരാണ്... അതൊരു പുള്ളിപ്പുലിയായിരുന്നോ? സാധാരണ പൂച്ചയോ? അതോ നായയോ?
ഞായറാഴ്ച ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ 72 മന്ത്രിമാര്‍ക്കൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മഹത്തായ സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ നേതാക്കളും മറ്റ് പ്രമുഖരും വ്യവസായികളും സിനിമാതാരങ്ങളും ഉള്‍പ്പെടെ 8,000 ത്തോളം അതിഥികള്‍ പങ്കെടുത്തു. എന്നിരുന്നാലും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചത് രാഷ്ട്രപതി ഭവന്റെ ഗ്രാന്‍ഡ് ഫോര്‍കോര്‍ട്ടിലൂടെ കടന്നുപോയ ഒരു മൃഗത്തെയാണ്. അത് ഏത് മൃഗമാണെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.
ഒരു വൈറല്‍ വീഡിയോയില്‍, ഒരു മൃഗം രാഷ്ട്രപതി ഭവനില്‍ വേദിയില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ നടക്കുമ്പോള്‍ അലക്ഷ്യമായി നടക്കുന്നത് കണ്ടു. ബിജെപി എംപി ദുര്‍ഗാ ദാസ് വേദിയില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. 'അതൊരു പുള്ളിപ്പുലിയായിരുന്നോ? സാധാരണ പൂച്ചയോ? അതോ നായയോ?' വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കമന്റ് ചെയ്തു.
'ഇതൊരു പൂച്ചയാണെങ്കില്‍ കുഴപ്പമില്ല. പുള്ളിപ്പുലി ആണെങ്കില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നത്? അതും രാഷ്ട്രപതി ഭവനില്‍?',ഒരു ഉപയോക്താവ് എഴുതി. 'വാലും നടത്തവും കാരണം ഒരു പുള്ളിപ്പുലിയാണെന്ന് തോന്നുന്നു. ആളുകള്‍ അത് സമാധാനപരമായി കടന്നുപോയി.' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വ്യക്തിയായി നരേന്ദ്ര മോദിയും ചരിത്രത്തില്‍ ഇടം നേടുകയാണ്. ഈ ചരിത്ര ദിനത്തില്‍ മോദി 3.0 മന്ത്രിസഭയുടെ ഭാഗമാകാന്‍ 72 നേതാക്കളാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയില്‍ 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരും ഉള്‍പ്പെടും.
https://www.facebook.com/Malayalivartha