ഇന്റര്‍നെറ്റില്‍ തരംഗമായി മുകേഷ് അംബാനിയുടെ മകന്‍ ആനന്ത് അംബാനിയുടെ വിവാഹം
വ്യവസായി മുകേഷ് അംബാനിയുടേയും ഭാര്യ നിത അംബാനിയുടേയും ഇളയ മകന്‍ ആനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹമാണ് വെള്ളിയാഴ്ച ഇന്ത്യ ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത്. വിവാഹ ചടങ്ങുകള്‍ മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് നടക്കുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കാനായി ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലകളില്‍നിന്നും കായിക രംഗത്തുനിന്നും നിരവധി താരങ്ങള്‍ എത്തി.
വെള്ളിയാഴ്ച രാത്രി നടക്കുന്ന വിവാഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലാണ്. അംബാനി കുടുംബത്തിലെ വിവാഹ ചടങ്ങുകളും വിശിഷ്ടാതിഥികളുടെ പട്ടികയും തുടങ്ങി ഭക്ഷണ വിശേഷങ്ങള്‍ വരെയുള്ള കാര്യങ്ങളാണ് ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരയുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ വിവിധ സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡിങ് ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്ത് ഇടംനേടി. എക്‌സില്‍ ഇംഗ്ലിഷിനു പുറമേ ഹിന്ദിയിലും ഈ കല്യാണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ആളുകള്‍ തിരയുന്നുണ്ട്. ശതകോടികള്‍ ചെലവിട്ടുള്ള 'സ്വപ്ന വിവാഹം' എന്ന തരത്തില്‍ ചര്‍ച്ചകളും സജീവമാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തില്‍ നടത്തിയ ഇവരുടെ വിവാഹപൂര്‍വ ആഘോഷങ്ങളും വൈറലായിരുന്നു. ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന വിരുന്നില്‍ കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും ചലച്ചിത്ര താരങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖരാണു പങ്കെടുക്കുന്നത്. ഞായറാഴ്ച മംഗള്‍ ഉത്സവ് ദിനത്തില്‍ കൂടുതല്‍ ബോളിവുഡ് താരനിര അണിനിരക്കും. യുകെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ടോണി ബ്ലെയര്‍, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. അതിഥികളുമായി നൂറിലേറെ സ്വകാര്യ വിമാനങ്ങളാണു മുംബൈയിലെത്തുന്നത്.
https://www.facebook.com/Malayalivartha