വിജയ് മല്യ നേരിട്ട് ഹാജരാകേണ്ടതില്ല, അനുകൂല നിലപാടുമായി അറ്റോര്‍ണി ജനറല്‍

9000 കോടിയുടെ ബാങ്ക് വായ്പാ ബാധ്യതയുമായി രാജ്യം വിട്ട വിജയ് മല്യക്ക് അനുകൂല നിലപാടുമായി അറ്റോര്‍ണി ജനറല്‍. നിലവിലെ സാഹചര്യമനുസരിച്ച മല്യ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും പകരം അഭിഭാഷകന്‍ ഹാജരായാല്‍ മതിയെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വ്യക്തമാക്കി.
സിവില്‍ കേസുകളില്‍ കോടതി നോട്ടീസ് അയച്ചാല്‍ സാധാരണായി അയാള്‍ നേരിട്ടോ അല്ലാതെയോ ഹാജരാകുകയാണ് വേണ്ടത്. അതു മല്യയാണ് തീരുമാനിക്കേണ്ടത്. അയാള്‍ തന്നെ എത്തണമെന്ന് നിലവില്‍ ഒരു അനുശാസനവുമില്ല. അഭിഭാഷകന്‍ ഹാജരായാലും മതി, റോഹ്തഗി അറിയിച്ചു. അതേസമയം, വിജയ് മല്യ ഇന്ത്യയിലെത്തണമെന്നും പാസ്‌പോര്‍ട്ട് കൈമാറണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു.
മല്യയുടെ അഭിഭാഷകന്റെ മറുപടി അറിഞ്ഞ ശേഷം അടുത്ത നടപടിയെടുക്കുമെന്നും റോഹ്തഗി കൂട്ടിച്ചേര്‍ത്തു. മറുപടി തൃപ്തികരമാണെങ്കിലും അല്ലെങ്കിലും മല്യ പാസ്‌പോര്‍ട്ട് കൈമാറണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുകയെന്നും റോഹ്തഗി അറിയിച്ചു. അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ തങ്ങളുടെ അപേക്ഷ പുതുക്കി സമര്‍പ്പിക്കും. താന്‍ ഒളിച്ചോടിയിട്ടില്ല, എന്നാല്‍ ഇന്ത്യയിലെത്താന്‍ ഇപ്പോള്‍ ധൃതിയില്ലെന്നുമുള്ള മല്യയുടെ നിലപാട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. താനൊരു വ്യവസായിയാണ്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സ്വാഭാവികവുമാണ്. കോടതിയുടെ വിചാരണ നേരിടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മാധ്യമ വിചാരണ നേരിടില്ല. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ തന്റെ സല്‍ക്കാരങ്ങള്‍ സ്വീകരിച്ചിരുന്നതായും മല്യ ചൂണ്ടിക്കാട്ടി. 17 ബാങ്കുകളില്‍ നിന്നാണ് വിജയ് മല്യ 9000 കോടിയോളം രൂപ വായ്പയെടുത്തത്. മാര്‍ച്ച് രണ്ടിന് ഇന്ത്യ വിട്ട മല്യ ഇപ്പോള്‍ ബ്രിട്ടനിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























