റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ ലഭിച്ച പ്രഹരത്തിന് പകരം വീട്ടാനുള്ള നെട്ടോട്ടത്തിലാണ് പാക് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീര്‍. കഴിഞ്ഞ ദിവസം ജിഹാദികളായ മുഴുവന്‍ ഇസ്ലാമിക മുള്ളമാരെയും പാകിസ്ഥാന്‍ സൈനികാസ്ഥാനത്ത് വിളിച്ചുവരുത്തി അസിം മുനീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും എതിരെ മതപ്രഭാഷണം നടത്താനും ഇവരോട് അസിം മുനീര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. അസിം മുനീറിന്റെ നീക്കങ്ങൾ ഇന്ത്യ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പ്രത്യകിച്ച് റിപ്പബ്ളിക് ദിനം അടുത്തിരിക്കെ. ഏതായാലും അസീം മുനീറിന്റെ അഹങ്കാരത്തിന് ഉടനെ തീർപ്പുണ്ടായേക്കും.
ഈ ജിഹാദി ഭീകരഗ്രൂപ്പുകളെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഒരുക്കുകയാണ് അസിം മുനീറിന്റെ ലക്ഷ്യമെന്നറിയുന്നു. ഇതിനുള്ള മറ്റ് പിന്തുണ അസിം മുനീര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്താണ് ജിഹാദി മുള്ളമാരുമായുള്ള അസിം മുനീറിന്റെ യോഗം നടന്നത്. ജിഹാദി ആക്രമണത്തിനായി ഇവര്‍ക്ക് വേണ്ടി യുവാക്കളെ നല്‍കാനും പാകിസ്ഥാന്‍ സൈന്യം തയ്യാറാണ്.
ഇന്ത്യയില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പ്രതികാരം ചെയ്യുക വഴി തന്റെ സൈനികാധിപത്യം പാകിസ്ഥാനില്‍ അരക്കിട്ടുറപ്പിക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്.
ഇന്ത്യയെ പതിവായി ആക്രമിക്കുന്ന ലഷ്കര്‍ ഇ ത്വയിബ, ജെയ്ശ് എ മുഹമ്മദ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഏതാനും ജിഹാദി ഗ്രൂപ്പുകളുടെ നേതാക്കളായ മുള്ളമാരെയാണ് യോഗത്തിന് വിളിച്ചിരുന്നത്. പ്രമുഖ ജെയ്ഷ് എ മുഹമ്മദ് നേതാവ് ഹഫീസ് താഹീര്‍ മഹമൂദ് അഷ്റഫി, കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉദ് ദാവയുടെ നേതാവ് മുഫ്തി അബ്ദള്‍ റഹീം, ജാമിയ ഉല്‍വ തുല്‍ ഇസ്ലാമിക് സെമിനാരിയുടെ ചാന്‍സലര്‍ ആയ സയിദ് ജവാദ് നഖ് വി, ജമാത്തെ ഉലമ ഇസ്ലാമി സെമിനാരിയുടെ ഹമീദ് ഉള്‍ ഹഖ് ഹഖാനി, സിറിയയിലെ അല്‍ ഉമ ബുഖാരി ജാമിയതുല്‍ റഷീദ് സെമിനാരിയുടെ നേതാവും ഉണ്ടായിരുന്നു.
പാകിസ്ഥാനില്‍ മൂന്നാമത്തെ ജിഹാദി തലമുറയെ വാര്‍ത്തെടുക്കുകയാണ്. ഇദ്ദേഹത്തെ മുള്ള മുനീര്‍ എന്നാണ് വിളിക്കുന്നത് തന്നെ. ഓപ്പറേഷന്‍ സിന്ദൂറില്‍ പരാജയമടഞ്ഞ ഈ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഇന്ത്യയെ പരാജയപ്പടുത്താന്‍ ഇസ്ലാമിനെ കൂട്ടുപിടിച്ചിരിക്കുകയാണ്.
പാക് അധീന കശ്മീരില്‍ ലഷ്കര്‍ എ ത്വയിബയും ജെയ്ഷ് എ മുഹമ്മദും ഹമാസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണം നടത്താനും പദ്ധതിയിടുന്നതായി ഇസ്രയേല്‍ തന്നെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുമായും പാകിസ്ഥാന്‍ ബന്ധം നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ഇതും ഇന്ത്യയെ ലാക്കാക്കിയുള്ള നീക്കമാണെന്ന് കരുതുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ഖലിസ്ഥാനികളോ ബംഗ്ലാദേശിലെ ഭീകരഗ്രൂപ്പുകളോ തലസ്ഥാനനഗരിയില്‍ ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയേക്കുമെന്ന് രഹസ്യസേനകളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവജാഗ്രതയിലാണ്. ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യവും തലവേദന സൃഷ്ടിക്കുന്നു. തലസ്ഥാനനഗരിയായ ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് സുരക്ഷ ഉറപ്പിക്കുന്നതിനുള്ള മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചു. നഗരങ്ങളിലെയും പ്രധാന സ്ഥലങ്ങളിലെയും സുരക്ഷയ്‌ക്ക് കണ്ണും കാതും ആയി പ്രവര്‍ത്തിക്കേണ്ടത് ജനങ്ങളാണെന്ന സന്ദേശം നല്‍കാന്‍ ഐയ്സ് ആന്‍റ് ഇയേഴ്സ് എന്ന പേരിലാണ് മോക് ഡ്രില്ലും സുരക്ഷാബോധവല്‍ക്കരണപരിപാടികളും നടത്തുന്നത്. ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഭീകരാക്രമണം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി സ്ഥലങ്ങളില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. വിദേശ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ പഞ്ചാബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തലവന്മാരെ ആക്രമണത്തിന് ഉപയോഗിച്ചേക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്‌ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ലോക്കല്‍ ക്രിമിനല്‍ സംഘങ്ങളെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ ഹരിയാന, ദല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സജീവമാണെന്ന് പറയപ്പെടുന്നു. ഇവര്‍ വിദേശത്തെ ഖലിസ്ഥാന്‍ ഗ്രൂപ്പുകളുടെ ചട്ടുകളങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ പറയുന്നു.
ഭീകരാക്രമണത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി തലസ്ഥാന നഗരിയിലും മറ്റ് നഗരങ്ങളിലും മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചുതുടങ്ങി. ഒരു ഭീകരാക്രമണസമയത്ത് എങ്ങിനെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുതരുന്നതാണ് മോക് ഡ്രില്ലുകള്‍. സുരക്ഷാ ഏജന്‍സികളെ മാത്രമല്ല, പൊതുജനങ്ങളെയും ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങിനെ എന്ന് പഠിപ്പിക്കുന്നതാണ് ഇത്തരം മോക് ഡ്രില്ലുകള്‍.
റിപ്പബ്ലിക് ദിനത്തിന്റെ തലേനാള്‍ ജനവരി 25ന് രാഷ്‌ട്രപതിയുടെ പ്രസംഗമാണ് പ്രധാന ചടങ്ങ്. റിപ്പബ്ലിക് ദിനമായ ജനവരി 26ന് രാഷ്‌ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ അവസാനിക്കുന്ന സൈനിക പരേഡാണ് മറ്റൊരു പ്രധാന ചടങ്ങ്. ഇതില്‍ പ്രധാമന്ത്രിയും പ്രധാന അതിഥിയും പങ്കെടുക്കും. ഇക്കുറി യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റയും ആണ് മുഖ്യാതിഥികള്‍.
കാനഡയിലും സമാനമായ രീതിയിൽ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തുന്നുണ്ട്. കാനഡയിലെ ഖാലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല. വാൻകൂവറിലെ ഒരു ചരിത്രപ്രസിദ്ധ ഗുരുദ്വാരയുടെയും ബ്രിട്ടീഷ് കൊളംബിയയിലെ ചില ക്ഷേത്രങ്ങളുടെയും ചുവരുകൾ ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് വികൃതമാക്കി. ഈ സംഭവം സിഖ്, ഹിന്ദു സമൂഹത്തിൽ രോഷമുണ്ടാക്കി.
വാൻകൂവറിലെ റോസ് സ്ട്രീറ്റ് ഗുരുദ്വാര എന്നറിയപ്പെടുന്ന ഖൽസ ദിവാൻ സൊസൈറ്റി ഗുരുദ്വാരയുടെ ചുവരുകളിൽ ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നതായി കണ്ടെത്തി. ഗുരുദ്വാരയുടെ വക്താവ് ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും പവിത്രമായ ഗുരുദ്വാരയുടെ മതിലുകൾ അശുദ്ധമാക്കുന്ന പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഖൽസ സജ്‌ന ദിവസ് ദിനത്തിൽ ഐക്യത്തിന്റെ പ്രതിജ്ഞ എടുക്കുന്ന സമയത്ത് വിഘടനവാദികളായ ഒരു കൂട്ടം സിഖുകാരുടെ പ്രവൃത്തിയാണിതെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സിഖുകാരെ ഭിന്നിപ്പിക്കാൻ തീവ്രശക്തികൾ ആഗ്രഹിക്കുന്നുവെന്നും ഇത് ഭയം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വക്താവ് പറഞ്ഞു. വൈവിധ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി തന്റെ മുതിർന്നവർ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും ഭിന്നത സൃഷ്ടിക്കാനുള്ള ഈ ശ്രമം വിജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാൻ അനുയായികളെ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ അതേ ഗുരുദ്വാരയിൽ തന്നെ നാഗർ കീർത്തനവും ബൈശാഖി പരേഡും സംഘടിപ്പിച്ചിരുന്നു . അതിനുള്ള പ്രതികാരമായിരിക്കാം ഈ സംഭവം എന്ന് വിശ്വസിക്കപ്പെടുന്നു.
ഗുരുദ്വാരയ്‌ക്ക് പുറമേ സറേയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും ക്ഷേത്രങ്ങളെയും ഖാലിസ്ഥാനികൾ ലക്ഷ്യമിട്ടിട്ടുണ്ട്. ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ ഇവിടെയും എഴുതിയിരുന്നു. പ്രത്യേകിച്ച് ലക്ഷ്മിനാരായണ ക്ഷേത്രവും ലക്ഷ്യം വച്ചു. കാനഡയിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇടയിൽ ഐക്യം നിലനിർത്തുന്നതിൽ ലക്ഷ്മിനാരായണ ക്ഷേത്രം സജീവ പങ്കുവഹിക്കുന്നുണ്ടെന്നും അതിനാലാണ് ക്ഷേത്രം ലക്ഷ്യമിടുന്നതെന്നും ക്ഷേത്ര വക്താവ് പുരുഷോത്തം ഗോയൽ പറഞ്ഞു. ഇത് യാദൃശ്ചികമല്ലെന്നും ആസൂത്രിതമായാണ് നടക്കുന്നതെന്നും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാനഡയിൽ 2023 ലും 2024 ലും നിരവധി ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. പക്ഷേ ഇതുവരെ ആ അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ലക്ഷ്മിനാരായണ ക്ഷേത്രത്തിലും ഖാലിസ്ഥാനികൾ നേരത്തെ ബഹളം വച്ചിരുന്നു. ഈ പുതിയ സംഭവത്തിനു ശേഷം കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾ തടയണമെന്നുമുള്ള ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
ജമ്മു-കാശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് പാക് ഡ്രോണുകൾ എത്തിയതാണ് ഇന്ത്യയിലെ പുതിയ പ്രകോപനം. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണിത്. സാംബ,പൂഞ്ച്,രജൗരി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിദ്ധ്യമുണ്ടായ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന. സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7.30ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പ്രത്യക്ഷപ്പെട്ടു. ഉടനെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ഇതിനുപിന്നാലെ രജൗരി സെക്ടറിലും ഡ്രോണുകളുടെ സാന്നിദ്ധ്യമുണ്ടായി. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാകിസ്ഥാൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഒന്നിലധികം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നൗഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം ഒരു ഡ്രോണിന് നേരെ വെടിയുതിർത്തതായി വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് നിരവധി ഡ്രോണുകൾ കൂടി കണ്ടെത്തിയതായി അവർ കൂട്ടിച്ചേർത്തു.
നുഴഞ്ഞുകയറ്റ ശ്രമത്തിന്റേതെന്ന് കരുതുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഡ്രോണുകൾ വഴി തോക്കുകളോ മയക്കുമരുന്നുകളോ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. പാക് അധിനിവേശ കശ്മീരിന്റെ ദിശയിൽ നിന്ന് വന്ന ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ വർഷിച്ചതായും റിപ്പോർട്ടുണ്ട്.
രജൗരി ജില്ലയിൽ വൈകുന്നേരം 6.35ന് മറ്റൊരു ഡ്രോൺ കൂടി കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു. സാംബയിലെ രാംഗഡ് സെക്ടറിലെ ചക് ബാബ്രലിൽ 7.15 ഓടെയാണ് ഡ്രോൺ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള മാൻകോട്ട് സെക്ടറിലെ ടോപ്പയിലേക്ക് വൈകുന്നേരം 6.25 നാണ് ഡ്രോണിന് സമാനമായ വസ്തു കണ്ടത്.
മെഷീൻ ഗണ്ണുകളുപയോഗിച്ചാണ് ഡ്രോണുകളെ ആക്രമിച്ചതെന്ന് സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നിരവധി പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. അതിനുശേഷം ഇന്ത്യൻ പരിധിയിലേക്ക് ഡ്രോണുകളെത്തുന്നത് ഗണ്യമായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം അഞ്ച് ഡ്രോണുകളുടെ കടന്നുകയറ്റമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നിൽ അസീം മുനീറിനെയാണ് ഇന്ത്യ സംശയിക്കുന്നത്.
ഫീൽഡ് മാർഷൽ അസിം മുനീറിനെ രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് ആയി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സർക്കാർ ഔദ്യോഗികമായി നിയമിച്ചശേഷമാണ് പ്രകോപനം വർധിച്ചത്. മൂന്ന് സേനകളുടെയും മേൽനോട്ടം വഹിക്കുന്ന മുനീറിന് അഞ്ച് വർഷത്തേക്കാണ് ഈ നിയമനം.
ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് സ്ഥാനം മൂന്ന് സേനാ വിഭാഗങ്ങളുടെയും (കരസേന, നാവിക സേന, വ്യോമ സേന) അധികാരം ഏകീകരിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആണവ ആയുധങ്ങളും മിസൈൽ സംവിധാനങ്ങളും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേൽനോട്ടവും അസിം മുനീറിന് നൽകുന്നു. ഇത് അസിം മുനീറിനെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക മേധാവിയാക്കി മാറ്റും. നിലവിൽ ഫീൽഡ് മാർഷൽ പദവി നൽകി പാകിസ്താൻ സർക്കാർ മുനീറിനെ സന്തോഷിപ്പിച്ചിരുന്നു. ഇതിന് പുറമെ പ്രസിഡന്റിന് തുല്യമായ നിയമ പരിരക്ഷയും മുനീറിന് നൽകി. പ്രസിഡന്റിനെപ്പോലെ, ഫീൽഡ് മാർഷലിനും നിയമ നടപടികളിൽ നിന്ന് ജീവിതകാലത്തേക്ക് സംരക്ഷണം ലഭിക്കും.
സൈനിക കമാൻഡ് കേന്ദ്രീകരിക്കുന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 27-ാം ഭേദഗതി പ്രകാരം കഴിഞ്ഞ മാസം ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് എന്ന പദവി രൂപീകരിച്ചത്. ഈ വർഷം ഫീൽഡ് മാർഷൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അസിം മുനീർ, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് എന്ന നിലയിലുള്ള തന്റെ ചുമതലകൾക്കൊപ്പം ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയും ഒരുമിച്ച് വഹിക്കും. ഭേദഗതികൾ സൈന്യത്തിൻറെ മേലുള്ള സർക്കാരിന്റെ മേൽനോട്ടവും കുറയ്ക്കുന്നു. പാക് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരസേനാ മേധാവിയെ നിയമിക്കുന്നതിൽ മുനീറിന് കൂടുതൽ അധികാരം ലഭിക്കും.
ഫീൽഡ് മാർഷൽ എന്ന അഞ്ച് നക്ഷത്ര റാങ്കും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ്, ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്നിവയുടെ സംയോജിത കമാൻഡും ഒരുമിച്ച് വഹിക്കുന്ന ആദ്യത്തെ പാക് സൈനിക ഉദ്യോഗസ്ഥനായിരിക്കുകയാണ് അസിം മുനീർ. 1965-ൽ ഇന്ത്യയുമായുള്ള യുദ്ധത്തിൽ പാകിസ്താനെ നയിച്ച ജനറൽ അയൂബ് ഖാന് ശേഷം ഫീൽഡ് മാർഷൽ പദവി വഹിക്കുന്ന രണ്ടാമത്തെ സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഭാരതത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നിൽ എട്ടുമാസം മുമ്പ് മുട്ടുമടക്കിയ പാകിസ്താൻ വീണ്ടും അതിർത്തിയിൽ പ്രകോപനവുമായി രംഗത്ത് എത്തിയത് അസിം മുനീറിന്റെ പിൻബലത്തിലാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞതിന്റെ ആഘാതം മാറും മുൻപേയാണ് വീണ്ടും ഡ്രോൺ നുഴഞ്ഞുകയറ്റവുമായി പാകിസ്താൻ എത്തുന്നത്. ജനുവരി 9 മുതൽ ജമ്മു കശ്മീരിലെ വിവിധ സെക്ടറുകളിൽ ഒന്നിലധികം പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യൻ സേന അതീവ ജാഗ്രതയിലാണ്.
റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുള്ള പാകിസ്താൻ്റെ കുതന്ത്രമാണിതെന്ന് വ്യക്തമാണ്.
അതിർത്തിയിലെ ഡ്രോൺ ശല്യം അവസാനിപ്പിക്കാൻ പാകിസ്താന് കർശന മുന്നറിയിപ്പാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നൽകിയത്. “ലഗാം ലഗായേ” (നിയന്ത്രിക്കൂ) എന്ന് പാക് സൈനിക നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇപ്പോൾ വരുന്നത് കഴിഞ്ഞ വർഷത്തെപ്പോലെയുള്ള ചാവേർ ഡ്രോണുകളല്ല, മറിച്ച് വളരെ ചെറിയ നിരീക്ഷണ ഡ്രോണുകളാണ്. ഇന്ത്യൻ പ്രതിരോധത്തിലെ വിടവുകൾ കണ്ടെത്താനും സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് ഇവ എത്തുന്നതെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചാൽ അതിശക്തമായ പ്രഹരം നൽകാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ അതിർത്തി സുരക്ഷ എത്രത്തോളം ശക്തമാണെന്ന് പരിശോധിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരരെ കടത്തിവിടാൻ ഏതെങ്കിലും വിടവുകളുണ്ടോ എന്ന് അവർ ഡ്രോണുകൾ വഴി നിരീക്ഷിക്കുന്നു. എന്നാൽ ഈ ശ്രമങ്ങൾക്കെല്ലാം ‘നെഗറ്റീവ്’ മറുപടിയാണ് അവർക്ക് ലഭിക്കുന്നതെന്ന് കരസേനാ മേധാവി വ്യക്തമാക്കി. സാംബ സെക്ടറിൽ കഴിഞ്ഞ ദിവസം ഒരു പാക് ഡ്രോൺ ആയുധങ്ങൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. രണ്ട് പിസ്റ്റളുകൾ, ഗ്രനേഡ്, വെടിയുണ്ടകൾ എന്നിവ സേന കണ്ടെടുത്തു. അതിർത്തിയിൽ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനുള്ള പാകിസ്താൻ്റെ അവസാന ശ്രമമാണിതെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്.പി. വൈദ് പറഞ്ഞു.
https://www.facebook.com/Malayalivartha





















