തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച കൊടുംകുറ്റവാളി അഴകുരാജയെ വെടിവച്ച് കൊന്നു

തമിഴ്‌നാട്ടില്‍ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച ഗുണ്ടയെ വെടിവച്ചുകൊന്ന് പൊലീസ്. മധുര ജില്ലയിലെ കൊട്ടുരാജ (30) എന്ന അഴകുരാജയെയാണ് ചൊവ്വാഴ്ച പെരമ്പല്ലൂര്‍ ജില്ലയിലെ മംഗലമേട്ടില്‍ വച്ച് പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.
30ഓളം കേസുകളില്‍ പ്രതിയായ കാളിമുത്തുവിനെ ദിവസങ്ങള്‍ക്കു മുന്‍പ് പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ തെളിവെടുപ്പിനു കൊണ്ടു പോകവേയാണ് പൊലീസ് ഇയാളെ വെടിവച്ചു കൊന്നത്. തെളിവെടുപ്പിനിടെ എസ്‌ഐ ശങ്കറിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. തലയ്ക്ക് വെടിയേറ്റ അഴകുരാജയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ പെരമ്പല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഴകുരാജയ്‌ക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ജനുവരി 24നാണ് കാളിമുത്തുവിനെ ജയിലിലേക്ക് കൊണ്ടുപോകവേ അഴകുരാജ ഉള്‍പ്പെട്ട സംഘം പൊലീസിനെ ആക്രമിച്ചത്. നാടന്‍ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. മൂന്ന് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
അന്ന് വെടിയുതിര്‍ത്താണ് അക്രമികളെ പൊലീസ് പ്രതിരോധിച്ചത്. ഈ സംഭവത്തെ പ്രതിപക്ഷമടക്കം സര്‍ക്കാരിനു നേരെ ആയുധമാക്കിയിരുന്നു. ഗുണ്ടകളുടെ ഭരണത്തില്‍ പൊലീസിനുപോലും രക്ഷയില്ലെന്നും ക്രമസമാധാനം തകര്‍ന്നു എന്നുമായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha
























