നിയമവിദ്യാര്‍ത്ഥിയായ സഹപാഠിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവച്ച് ജീവനൊടുക്കി

ക്ലാസ്മുറിയില്‍ വെച്ച് സഹപാഠിയായ പെണ്‍കുട്ടിയെ വെടിവച്ചു കൊന്ന ശേഷം വിദ്യാര്‍ഥി സ്വയം വെടിവെച്ച് ജീവനൊടുക്കി. പഞ്ചാബിലെ തര്‍ണ്‍ തരണ്‍ ജില്ലയിലെ ഉസ്മ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ ജലന്ധര്‍ ജില്ലയിലെ മല്ലിയന്‍ സ്വദേശി പ്രിന്‍സ് രാജാണ് സഹപാഠിയായ സന്ദീപ് കൗറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പെണ്‍കുട്ടിയെ വെടിവെച്ചു കൊന്ന ശേഷം അതേ തോക്കുപയോഗിച്ച് മൂന്ന് സെക്കന്‍ഡ് വ്യത്യാസത്തിലാണ് വിദ്യാര്‍ഥി സ്വയം വെടിവെച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. വെടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരസ്പരം നടക്കുന്ന തര്‍ക്കത്തില്‍ ദേഷ്യം വന്ന യുവാവ് പെണ്‍കുട്ടിയെ വെടിവെക്കുകയായിരുന്നു. ഈ സമയം ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി പുറത്തേക്കോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ലാസ്‌റൂമിലെ സിസിടിവിയില്‍ വ്യക്തമായി കാണാം.
കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും തര്‍ക്കങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























