വ്യോമസേനയ്ക്കായി ഏറ്റവും വലിയ ആയുധക്കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങി ഇന്ത്യ

വ്യോമസേനയുെട മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായി 114 ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്‍പ് കരാറിന് അന്തിമരൂപം നല്‍കുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദര്‍ശനം.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കരാര്‍ ആയിരിക്കും ഇത്. പുതിയ കരാര്‍ പ്രകാരമുള്ള 114ല്‍ 100 റഫാല്‍ വിമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് സൂചന. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുക. കൃത്യതയുള്ള ദൗത്യങ്ങള്‍ക്കു പേരുകേട്ട ഇരട്ട എന്‍ജിന്‍, മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റാണ് റഫാല്‍. 114 വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ ലോകത്ത് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും അധികം റഫാല്‍ വിമാനങ്ങളുള്ള വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന മാറും.
ഇന്ത്യയ്ക്ക് ഇതിനോടകം 36 റഫാല്‍ യുദ്ധവിമാനങ്ങളുണ്ട്. 2024 ഡിസംബറിലാണ് വ്യോമസേന അവസാനത്തെ 'സി' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് സ്വീകരിച്ചത്. കൂടാതെ 63,000 കോടി രൂപയുടെ മറ്റൊരു കരാര്‍ പ്രകാരം 26 'എം' വേരിയന്റ് റഫാലുകള്‍ക്കും ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. നാവികസേനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റഫാല്‍ വേരിയന്റാണ് 'എം' വേരിയന്റ്. ഇതിന്റെ കൈമാറ്റം 2030 ആകുമ്പോഴേക്കും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനിക്കപ്പലുകളിലായിരിക്കും 'എം' വേരിയന്റ് റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക.
https://www.facebook.com/Malayalivartha
























