ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ അമിതവേഗതയിലെത്തിയ ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യവസായിയുടെ മകന്‍ അറസ്റ്റില്‍. പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകന്‍ ശിവം മിശ്രയാണ് പൊലീസ് പിടിയിലായത്. ഇന്ന് രാവിലെ കാണ്‍പൂരിലാണ് ഇയാള്‍ അറസ്റ്റിലായത്. അപകടത്തിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ ശിവം ഡല്‍ഹിയില്‍ ചികിത്സയിലാണെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ നാട്ടില്‍ തന്നെയുണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടസമയം കാറോടിച്ചത് ശിവം മിശ്രയല്ലെന്നും പകരം ഇയാളുടെ ഡ്രൈവര്‍ മോഹനാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി മോഹന്‍ കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. കേസില്‍ മോഹന്‍ പ്രതിയല്ലെന്നും, അന്വേഷണത്തില്‍ കാറോടിച്ചത് ശിവം മിശ്ര തന്നെയാണെന്ന് വ്യക്തമായതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ഡ്രൈവറുടെ കീഴടങ്ങാനുള്ള അപേക്ഷ കോടതി നിരസിച്ചത്.
അപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് തൗഫീഖും ഡ്രൈവര്‍ മോഹനും തമ്മില്‍ ഫെബ്രുവരി എട്ടിന് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടതായി പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് വഹിക്കാമെന്നും പകരം നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്നുമാണ് കരാറിലുണ്ടായിരുന്നത്.
എന്നാല്‍, പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അപകടത്തില്‍ തകര്‍ന്ന ലംബോര്‍ഗിനി വിട്ടുനല്‍കണമെന്ന കാര്‍ ഉടമയുടെ അപേക്ഷയില്‍ ആര്‍.ടി.ഒയുടെ സാങ്കേതിക പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, പൊലീസ് ശിവം മിശ്രയെ തെറ്റായി പ്രതി ചേര്‍ക്കുകയാണെന്നും ഇതിനെതിരെ ജില്ലാ ജഡ്ജിയുടെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഡ്രൈവര്‍ മോഹന്റെ അഭിഭാഷകന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















