പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി

വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷന്‍ താരത്തിന്റെ പരാതി. പണം നല്‍കിയില്ലെങ്കില്‍ വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം.
അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ശുചിമുറിയില്‍ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. നടിയുടെ പരാതിയില്‍ പൊലീസ് ചൊവ്വാഴ്ച കേസെടുത്തു.
ഫെബ്രുവരി ഏഴിനു സ്‌റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള കാഴ്ചകളാണ് രഹസ്യമായി പകര്‍ത്തിയതെന്ന് താരം പരാതിയില്‍ പറയുന്നു. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 13നാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























