'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി

ഭീഷണി, അശ്ലീല സന്ദേശം ഒക്കെ അയയ്ച്ച് ആറുവര്‍ഷത്തോളമായി തന്നെ നിരന്തരം സൈബര്‍ ലോകത്ത് വേട്ടയാടിക്കൊണ്ടിരുന്ന മുന്‍ സഹപാഠിയെ നിയമത്തിന് മുന്നില്‍ എത്തിച്ച് അമൂല്യ ശര്‍മ എന്ന യുവതി. ഇന്‍സ്റ്റഗ്രാമിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലായതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ മുന്‍ സഹപാഠിയില്‍ നിന്നും ഏകദേശം ആറ് വര്‍ഷമായി താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ചാണ് അമൂല്യ വെളിപ്പെടുത്തിയത്. ഇത് വെറുമൊരു ശല്യപ്പെടുത്തലായിരുന്നില്ല, മറിച്ച് ആസൂത്രിതമായി ഇയാള്‍ തന്നെ വേട്ടയാടുകയായിരുന്നു. ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എന്നിവ നിരന്തരം അയച്ചുകൊണ്ട് പ്രതി തന്നെ മാനസികമായി തളര്‍ത്തുകയായിരുന്നുവെന്നും അമൂല്യ പറയുന്നു.
ആദ്യഘട്ടത്തില്‍ അധികാരികളെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതേത്തുടര്‍ന്ന്, തനിക്ക് ലഭിച്ച ഓരോ ഇമെയിലുകളും ഓഡിയോ സന്ദേശങ്ങളും അമൂല്യ തെളിവായി സൂക്ഷിച്ചു. നടപടികള്‍ വൈകുന്നതില്‍ മനംമടുത്താണ് അവര്‍ തന്റെ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും സഹിതം പങ്കുവെച്ച പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ അമൂല്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
സന്നദ്ധ സംഘടനയായ ബ്രോസെഫ് ഫൗണ്ടേഷന്റെ ഇടപെടല്‍ കേസന്വേഷണത്തിന് കരുത്തേകി. അമൂല്യ ശേഖരിച്ച 55ഓളം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ 2026 ജനുവരി 30ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാലന്റൈന്‍സ് ദിനത്തിന് തൊട്ടുമുമ്പ് പ്രതിയെ പോലീസ് പിടികൂടി. പ്രതി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതിയുടെ അറസ്റ്റ് ഒരു വലിയ വിജയമാണെങ്കിലും നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്ന് അമൂല്യ ശര്‍മ വ്യക്തമാക്കി. 'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി' എന്ന് പ്രതിയുടെ അറസ്റ്റിനെക്കുറിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും നീണ്ട കോടതി നടപടികളും മുന്നിലുണ്ടെങ്കിലും, സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ കേസ് ഒരു പ്രതീക്ഷയാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha
























