ഫുട്ബാൾ കളിക്കുന്നതിനിടെ ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞു വീണ് മരിച്ചു...

ഫുട്ബാൾ കളിക്കുന്നതിനിടെ ഷില്ലോങ് എം.പി റിക്കി ഷിങ്കൺ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകുന്നേരം ഷില്ലോങ്ങിനു സമീപം മാവ്‌ലൈ മാവിയോങ്ങിലെ ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
വോയിസ് ഓഫ് ദി പീപ്പ്ൾ പാർട്ടി (വി.പി.പി) എം.പിയാണ്. കുഴഞ്ഞുവീണ ഉടനെ ഷിങ്കണെ മാവിയോങ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്.
ആ സമയത്ത് ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സക്കായി ജയാവിലെ ഡോ. എച്ച്. ഗോർഡൻ റോബർട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സക്കിടെയാണ് എം.പി മരിക്കുന്നത്. ഷിങ്കണിൻറെ മരണത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ അനുശോചിച്ചു.
അർപ്പണബോധവും കാരുണ്യവുമുള്ള നേതാവായിരുന്നു ഷിങ്കോണെന്നും അദ്ദേഹത്തിൻറെ അകാല വിയോഗം ഞെട്ടിക്കുന്നതാണെന്നും സാങ്മ പ്രതികരിച്ചു.
ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്, വി.പി.പി പ്രസിഡൻറ് അർഡൻറ് മില്ലർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷില്ലോങ്ങിൽ അട്ടിമറി ജയം നേടിയതിനു പിന്നാലെയാണ് ഷിങ്കൺ ശ്രദ്ധിക്കപ്പെടുന്നത്.
"https://www.facebook.com/Malayalivartha



























