പനീര്‍സെല്‍വവും സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സജീവമാക്കി എം കെ സ്റ്റാലിന്‍- ഒ പനീര്‍സെല്‍വം കൂടിക്കാഴ്ച. നിയമസഭ മന്ദിരത്തില്‍ വച്ചായിരുന്നു തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കേഡര്‍ റൈറ്റ്‌സ് റിട്രീവല്‍ കഴകം നേതാവുമായ ഒ പനീര്‍സെല്‍വവും മുഖ്യമന്ത്രി എം കെ സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപിഎസ്സിന്റെ മകനും ഒപ്പമുണ്ടായിരുന്നു.
നടനും രാഷ്ട്രീയ നേതാവുമായിരുന്ന വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ ഡിഎംകെ നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ നടന്ന കൂടിക്കാഴ്ച തമിഴകത്ത് പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ഒ പനീര്‍സെല്‍വത്തെയും മുന്നണിയില്‍ എത്തിക്കാന്‍ ഡിഎംകെ നീക്കം നടത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാമോ എന്ന് പനീര്‍സെല്‍വത്തിനോട് സ്റ്റാലിന്‍ ആരാഞ്ഞതായാണ് വിവരം. സ്റ്റാലിനുമായി അകല്‍ച്ചയില്ലെന്ന നിലയിലാണ് പനീര്‍സെല്‍വത്തിന്റെയും പ്രതികരണം.
ഡിഎംകെയെയും സ്റ്റാലിന്റെ ഭരണത്തെയും പുകഴ്ത്തുന്ന നിലപാട് ആയിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വം സ്വീകരിച്ചത്. തമിഴ്‌നാട്ടില്‍ ഡിഎംകെ ഭരണം തുടരും. സ്റ്റാലിനെ കണ്ടത് അഭിനന്ദിക്കാന്‍ ആണെന്നുമാണ് പനീര്‍സെല്‍വം വിശദീകരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























