പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത

ഉത്തര്‍പ്രദേശില്‍ പ്രണയിച്ചതിന്റെ പേരില്‍ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളെ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെണ്‍കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിജയ കുമാര്‍ ചൗബേയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വന്ദന കാമുകനൊപ്പം മാറി താമസിച്ചിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കുകയും കാമുകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. നവംബറില്‍ കാമുകന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് വിജയ കുമാര്‍ ചൗബേ താമസം മാറി.
ഇതിനിടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഇയാള്‍ പലതവണ മകളെ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. ഇതോടെ മകളെ സുഹൃത്ത് അബ്ദുല്‍ മന്നാനുമായി ചേര്‍ന്ന് കൊലപ്പെടുത്താന്‍ വിജയ കുമാര്‍ ചൗബേ പദ്ധതിയിടുകയായിരുന്നു. ഏപ്രില്‍ 13ന് ഇരുവരും ഒരു കാര്‍ വാടകയ്‌ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെയും കൂട്ടി രാജസ്ഥാനിലേക്ക് പോകുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു. പിന്നീട് കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലില്‍ മറവുചെയ്യാനായിരുന്നു പദ്ധതിയെങ്കിലും റോഡില്‍ വാഹനങ്ങള്‍ കണ്ടതോടെ പരിഭ്രാന്തരായ പ്രതികള്‍ മൃതദേഹം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തിരികെ നാട്ടിലെത്തിയ വിജയകുമാര്‍ മകളെ കാണാനില്ലെന്നുകാട്ടി പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























