ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍

ബംഗാള്‍ നിയമസഭയെ ഗവര്‍ണര്‍ ആര്‍.എന്‍.രവി പിരിച്ചുവിട്ടു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിനു പിന്നാലെയാണ് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. നടപടി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
തിരഞ്ഞെടുപ്പു കമ്മിഷന്റെ വൃത്തികെട്ട കളിയാണ് ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നടന്നതെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. രാജി നല്‍കാന്‍ ലോക്ഭവനില്‍ പോകില്ല. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അവര്‍ തീരുമാനമെടുക്കട്ടെയെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.
ഭരണഘടനാവിരുദ്ധ നിലപാടാണ് മമതയുടേതെന്നു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചിരുന്നു. ഈ മാസം 9ന്, രവീന്ദ്രനാഥ ടഗോറിന്റെ ജന്മദിനത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മമതയെ ഭവാനിപുരില്‍ തോല്‍പിച്ച സുവേന്ദുവിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു കൂടുതല്‍ സാധ്യത. സവിശേഷ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് നടപടികളുടെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്.
294 മണ്ഡലങ്ങളില്‍ 293 ലെ വോട്ടെണ്ണിയപ്പോള്‍ 207 സീറ്റാണ് ബിജെപിക്കു ലഭിച്ചത്; തൃണമൂലിന് 80 സീറ്റ്. ക്രമക്കേടു പരാതികളെത്തുടര്‍ന്ന് ഒരു മണ്ഡലത്തില്‍ 21നു റീപോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റില്‍നിന്നു ഫയലുകള്‍ കൊണ്ടുപോകാതിരിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























