വിജയ്‌യെ കാണാന്‍ താനൂരില്‍ നിന്നു ചെന്നൈക്ക് കാല്‍നടയായി ദമ്പതികള്‍

വിജയ്‌യെ കാണാന്‍ താനൂരില്‍ നിന്ന് ചെന്നൈയിലേക്കു നടക്കുകയാണ് ദമ്പതികള്‍. ഡ്രൈവറായ കെ.എസ്.മുഹമ്മദ് റാഫിയും ഭാര്യ സി.പി.ഉമ്മു ഷഹനമോളും ചേര്‍ന്നാണ് ചെന്നൈയിലേക്കു നടക്കുന്നത്. കോട്ടയം സ്വദേശിയാണ് മുഹമ്മദ് റാഫി. ഉമ്മു ഷഹനമോളെ വിവാഹം ചെയ്തതിനു ശേഷം താനൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
വിജയ്‌യുടെ കടുത്ത ആരാധകരാണ് ഇരുവരും. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ അത്രയേറെ ഇഷ്ടമാണ്. നേരില്‍ കാണാനുള്ള ആഗ്രഹം പണ്ടേയുണ്ട്. തമിഴ്‌നാട്ടില്‍ വിജയ് പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രി ആകാനുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തതോടെ, ആ ആഗ്രഹം കടുത്തു. ചെന്നൈയിലെത്തി അദ്ദേഹത്തെ കാണാന്‍ തന്നെ തീരുമാനിച്ചു. നടന്നു പോകാനായിരുന്നു ആഗ്രഹം. പാലക്കാട് വഴിയാണ് തമിഴ്‌നാട്ടിലേക്കു കടക്കുന്നത്.
ഇരുവരുടെയും കൈവശം ടെന്റുണ്ട്. രാത്രി നല്ലൊരിടം കണ്ടെത്തി അവിടെ ടെന്റ് കെട്ടും. കിടന്നുറങ്ങി രാവിലെ യാത്ര തുടരും. ചെന്നൈയിലെത്തിയാല്‍ എങ്ങനെയാണ് വിജയ്‌യെ കാണുകയെന്നൊന്നും ഇരുവര്‍ക്കും അറിയില്ല. എന്തായാലും ആദ്യം ചെന്നൈയിലെത്തുക. പിന്നെ പതിയെ അതിനുള്ള വഴി ഒരുങ്ങുമെന്നാണ് വിശ്വാസം. മുഖ്യമന്ത്രി പദവിയില്‍ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന സമയമാകുമ്പോഴേക്കും ചെന്നൈയില്‍ എത്താനാകുമെന്നാണ് കരുതുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും നടത്തം തുടങ്ങിയത്.
https://www.facebook.com/Malayalivartha























