മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്

സിജെപി നടത്തിയ പ്രതിഷേധം ഫലം കണ്ടതില്‍ പ്രതികരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപക അദ്ധ്യക്ഷനായ അഭിജീത് ദിപ്‌കെയുടെ മാതാവ്. വിദ്യാര്‍ത്ഥികളുടെ പോരാട്ടം ലക്ഷ്യം കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അനിതാ ദിപ്‌കെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി തെരുവില്‍ സമരം ചെയ്ത തന്റെ മകന്‍ ഇനി സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ ജൂണ്‍ മാസത്തിലാണ് അഭിജീത് ദിപ്‌കെ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. മേയിലായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രൂപീകരണം നടന്നത്.
മകന്‍ ഇത്തരത്തിലൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ആരംഭിച്ചത് മുതല്‍ അഭിജീതിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയായിരുന്നുവെന്ന് അനിതാ വൈകാരികമായി പ്രതികരിച്ചു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തിലൊരു ജനകീയ കൂട്ടായ്മയിലൂടെ മകന്‍ പ്രവര്‍ത്തിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'എനിക്ക് അതിയായ സന്തോഷമുണ്ട്. മകനെയോര്‍ത്ത് ഏറെ അഭിമാനം തോന്നുന്നു. പ്രക്ഷോഭത്തിനിടയില്‍ അവന് മര്‍ദ്ദനമേറ്റപ്പോള്‍ ഞാന്‍ പേടിച്ചു. അവന് എന്ത് സംഭവിക്കുമെന്നോര്‍ത്ത് ഞാന്‍ എപ്പോഴും ആശങ്കപ്പെട്ടിരുന്നു. അവര്‍ അവന്റെ മുഖത്തടിച്ചു. അതറിഞ്ഞപ്പോള്‍ മനസ് തകര്‍ന്നുപോയി. എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല, പുലര്‍ച്ചെ മൂന്നും നാലുമണി വരെ ഉണര്‍ന്നിരിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരുടെയും വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ജൂണ്‍ ഏഴ് മുതല്‍ വീട്ടില്‍ ഒന്നും ചെയ്യാന്‍ മനസ് അനുവദിച്ചിരുന്നില്ല. അവന്‍ വളരെ വലിയൊരു കാര്യമാണ് ചെയ്തുതീര്‍ത്തത്. അവന്‍ ഇപ്പോഴും വളരെ ചെറിയ കുട്ടിയാണ്, എന്നിട്ടും ഈ ചെറുപ്രായത്തില്‍ അവന്‍ ഇത്രയും വലിയൊരു കാര്യം നേടിയെടുത്തു.' അനിത ദീപ്ക പറഞ്ഞു.
ആഴ്ചകള്‍ നീണ്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെയാണ് ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചത്. സിജെപി ഉന്നയിച്ച മറ്റാവശ്യങ്ങളും അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സിജെപി സമരം പിന്‍വലിച്ചു.
https://www.facebook.com/Malayalivartha


























