സി.എം.ആര്‍.എല്‍ - എക്സാലോജിക് മാസപ്പടി.. കരാര്‍ നല്‍കിയതും കോടികള്‍ കൈമാറിയതും.. പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണെന്ന് കര്‍ത്ത..

സി.എം.ആര്‍.എല്‍ - എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയ്ക്കും ഒരുപോലെ നിയമക്കുരുക്ക് മുറുകുന്നു. കേസില്‍ വീണ തൈക്കണ്ടി ഉടന്‍ തന്നെ പ്രതിയാകുമെന്നു ഉറപ്പായതോടെ അന്വേഷണം മുന്‍ മുഖ്യമന്ത്രിയിലേക്കും നീളുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎമ്മിന് ഭരണം നഷ്ടമായ പശ്ചാത്തലത്തില്‍, കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനകള്‍.
സി.എം.ആര്‍.എല്‍ ഉടമ ശശിധരന്‍ കര്‍ത്ത ഇ.ഡിക്ക് നല്‍കിയ നിര്‍ണ്ണായക മൊഴിയാണ് കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കടുത്ത തിരിച്ചടിയായിരിക്കുന്നത്. എക്സാലോജിക് കമ്പനിക്ക് കരാര്‍ നല്‍കിയതും കോടികള്‍ കൈമാറിയതും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വ്യക്തിപരമായ അടുപ്പവും സ്വാധീനവും കാരണം മാത്രമാണെന്ന് കര്‍ത്ത അന്വേഷണ സംഘത്തിന് മുന്നില്‍ തുറന്നുസമ്മതിച്ചു.വീണ തൈക്കണ്ടിയോ അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയോ സി.എം.ആര്‍.എല്ലിന് യാതൊരുവിധ സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയിട്ടുണ്ട്.
2024 ഏപ്രിലില്‍ കര്‍ത്തയുടെ വീട്ടില്‍ വെച്ച് ഇ.ഡി നടത്തിയ ചോദ്യം ചെയ്യലിലാണ്ഈ നിര്‍ണ്ണായക വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്. യാതൊരു സേവനവും നല്‍കാതെ പിണറായി വിജയന്റെ സ്വാധീനം ഉപയോഗിച്ച് പണം കൈപ്പറ്റിയെന്ന കണ്ടെത്തലാണ് കേസിന്റെ ഗതി മാറ്റിയത്.ശശിധരന്‍ കര്‍ത്തയുടെ ഇതേ മൊഴിയുടെ അടിത്തറയിലാണ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടന്നത്. വീണയുടെയും അവരുടെ കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഇ.ഡി മരവിപ്പിച്ചത് ഇതിന്റെ നേരിട്ടുള്ള തുടര്‍ച്ചയായാണ്.
മരവിപ്പിക്കല്‍ നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വീണ ടി.യുടെ പേരിലുള്ള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങളാണ് നിലവില്‍ ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്. സ്വന്തം പേരിലും വിവിധ കമ്പനികളുടെ പേരിലും നടത്തിയ നിക്ഷേപങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha


























