ഭരണം തന്നെ മുഖ്യം... കോണ്‍ഗ്രസ് പിന്തുണയോടെ ആം ആദ്‌മി ഡല്‍ഹി ഭരിക്കും, അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ വ്യാഴാഴ്‌ച

കോണ്‍ഗ്രസിനെതിരേയും ബിജെപിക്കെതിരേയം പട പൊരുതിയ ആം ആദ്‌മി അവസാനം കോണ്‍ഗ്രസ് പിന്തുണയോടെ ഡല്‍ഹി ഭരണത്തിലേക്ക്. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയസമിതി യോഗത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച്ച നടക്കും. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ സത്യപ്രതിജ്ഞ ജന്തര്‍മന്ദറില്‍ വെച്ച് നടത്താനാണ് നീക്കം.
അധികാരത്തിലേറിയാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി. ഓരോ കുടുംബത്തിനും 700 ലിറ്റര്‍ സൗജന്യ ജലം നല്‍കുന്നതിനാകും ആദ്യനടപടി. അനധികൃത കോളനികള്‍ നിയമവിധേയമാക്കാനും ജന്‍ലോക്പാല്‍ ബില്‍ നടപ്പിലാക്കാനും ഉടന്‍ നടപടിയുണ്ടാകും.
അതേസമയം കോണ്‍ഗ്രസിന്റേത് നിരുപാധിക പിന്തുണയല്ലെന്ന് മുന്‍ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. കെജ് രിവാളിന് ആശംസകള്‍ നേരുന്നതായും ഷീലാ ദീക്ഷിത് പറഞ്ഞു.
ജനഹിതം മാനിച്ചാണ് ആം ആദ്‌മി കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ചത്. ജനഹിത പരിശോധനയുടെ കണക്കുകള്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ജനഹിത പരിശോധനയില്‍ അഭിപ്രായം അറിയിച്ച 74 ശതമാനം പേരും കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെട്ടു. 7 ലക്ഷം പേരാണ് ജനഹിത പരിശോധനയില്‍ പങ്കെടുത്തത്. ജനസഭകള്‍ വിളിച്ചുചേര്‍ത്തും ഓണ്‍ലൈന്‍ എസ്എംഎസ് വഴിയുമാണ് ആം ആദ്മി പാര്‍ട്ടി ജനഹിത പരിശോധന നടത്തിയത്. സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ നഗവാസികളില്‍ 80% പേരും സര്‍ക്കാര്‍ രൂപീകരണത്തെ അനുകൂലിച്ചു.
മന്ത്രിസഭാ അംഗങ്ങളെ പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയാകും തീരുമാനിക്കുക. 28 അംഗങ്ങളുള്ള ആം ആദ്മിക്ക് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കാന്‍ തയാറായതോടെയാണു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha