അരുണാചലില്‍ വീണ്ടും ഭരണമാറ്റം; പെമ ഖണ്ടു ഉള്‍പ്പെടെ 42 എം.എല്‍.എ മാര്‍ ബി.ജെ.പിയുടെ സഖ്യ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു

നിര്‍ണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലില്‍ വീണ്ടും സംസ്ഥാന ഭരണം കോണ്‍ഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ എല്ലാ എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസ് വിടാതെ നിന്നത്.
പെമ ഖണ്ഡു 42 എം.എല്‍.എമാരുമായി ചേര്‍ന്ന് ബിജെ.പിയുടെ സഖ്യകക്ഷിയായ പീപിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലാണ് ചേര്‍ന്നത്. ആകെ 60 അംഗ നിയമസഭയില്‍ 44 അംഗങ്ങള്‍ കോണ്‍ഗ്രസിന്റെയും 11 അംഗങ്ങള്‍ ബി.ജെ.പിയുടേതുമായിരുന്നു. സ്പീക്കറെ കണ്ട് താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പീപ്ള്‍സ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് അറിയിച്ചതായി അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 30 വിമത എം.എല്‍.എമാരുടെ പിന്തുണയോടെ വിമത നേതാവും മുന്‍ ധനമന്ത്രിയുമായ കലികോ പുളിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. എന്നാല്‍ ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് നബാം തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു.
എന്നാല്‍ 30 വിമത എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് 36കാരനായ പെമ ഖണ്ഡു.
https://www.facebook.com/Malayalivartha

























