പാക്ക് ഷെല്ലാക്രമണത്തില്‍ 6 പേര്‍ക്ക് പരുക്ക് , ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക്ക് സൈന്യം ആക്രമണം തുടരുന്നു

ജമ്മുവിലെ ആര്‍എസ് പുര അതിര്‍ത്തിയില്‍ ആറു ഗ്രാമീണര്‍ക്കു പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു. രാജ്യാന്തര അതിര്‍ത്തിയോടും നിയന്ത്രണ രേഖയോടും ചേര്‍ന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്കുനേരെ പാക്ക് സൈന്യം ആക്രമണം തുടരുകയാണ്. വീടിനുള്ളില്‍ വീണ ഷെല്‍ പൊട്ടിയാണ് നാട്ടുകാര്‍ക്കു പരുക്കേറ്റത്. ഇവരെ ആര്‍എസ് പുര ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പാക്ക് പ്രകോപനത്തിനു കനത്ത തിരിച്ചടി നല്‍കുന്നുണ്ടെന്ന് അതിര്‍ത്തിരക്ഷാസേന വ്യക്തമാക്കി.
ഇതേസമയം, ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ചു പാക്കിസ്ഥാന്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. നൗഷാര സെക്ടറിലും ഇരു സൈന്യങ്ങളും വെടിയുതിര്‍ത്തു. കഴിഞ്ഞദിവസം രാജ്യാന്തര അതിര്‍ത്തിയിലെ 25 ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക്ക് സൈനികര്‍ വെടിവയ്പ് നടത്തിയിരുന്നു. ഇതില്‍ ഒരു ഇന്ത്യന്‍ ഭടനും ബാലനും കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഒന്നരവയസുകാരി പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് പാക്ക് അധികൃതര്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ അറിയിച്ചത്. ഉറിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷം ഇതുവരെ അതിര്‍ത്തിയില്‍ 40 വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായി കരസേന അറിയിച്ചു.
https://www.facebook.com/Malayalivartha



























