പാക് ഉദ്യോഗസ്ഥന്‍ മാസത്തിലൊരിക്കല്‍ ചാരന്‍മാരുമായി കൂടിക്കാഴ്ച നടത്തി; ഓരോ രഹസ്യങ്ങളും കൈമാറുന്നതിന് വന്‍ തുക പ്രതിഫലം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

എല്ലാം ചോര്‍ത്തിയ ചാരക്കണ്ണുകള്‍. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് ഇന്ത്യ പുറത്താക്കിയ പാക് ഹൈക്കമ്മീഷണറുടെ ഓഫീസിലെ മെഹമ്മൂദ് അക്തര്‍ മാസത്തിലൊരിക്കല്‍ ചാരന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക് നയതന്ത്രജ്ഞനെ പിടികൂടിയതിന് പിന്നാലെ ഇയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മൗലാന റംസാന്‍, സുഭാഷ് ജാങ്കിര്‍ എന്നിവരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് മെഹമ്മൂദ് അക്തര്‍ ഇവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തികളിലാണ് ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്.
പാക് നയതന്ത്രജ്ഞനും അറസ്റ്റിലായവരും നേരിട്ടാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഫോണ്‍, ഇമെയില്‍, വാട്ട്‌സ് ആപ്പ് എന്നിവയിലൂടയൊന്നും ചാരന്‍മാരുമായി ബന്ധപ്പെട്ടിരുന്നില്ല. സൈന്യത്തിന്റെ രഹസ്യ വിവരങ്ങള്‍, സൈനികര്‍ കൈമാറുന്ന കോഡ് ഭാഷകള്‍, സൈനികത്താവളങ്ങളുടെ മാപ്പുകള്‍ തുടങ്ങി അതീവ രഹസ്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയെന്ന് പൊലീസ് പറയുന്നു.
ഓരോ രഹസ്യവിവരത്തിനും 30,000 മുതല്‍ 50,000 രൂപ വരെയാണ് പാക് നയതന്ത്രജ്ഞന്‍ ഇവര്‍ക്ക് പ്രതിഫലമായി നല്‍കിയത്. പേപ്പറുകളില്‍ അല്ലാതെ നല്‍കുന്ന വിവരങ്ങള്‍ക്ക് 15,000 മുതല്‍ 20,000 വരെ നല്‍കും.
ചാരന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആര്‍മിയിലും പാരാമിലിട്ടറിയിലും മൊലാനാ റംസാന്‍ ഖാന് നല്ല ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സുഹൃത്തുക്കള്‍ വഴിയും ബന്ധുക്കള്‍ വഴിയും ഇയാള്‍ സൈന്യത്തിലെ പലരുമായും ബന്ധം ഉണ്ടാക്കി. ഇവര്‍ വഴി സൈനിക ക്യാമ്പും ഇയാള്‍ സന്ദര്‍ശിച്ചു. ഒരു മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. എന്നാല്‍ വിവരങ്ങള്‍ അറിയുന്നതിന് മൗലാനാ റംസാന്‍ ഇവര്‍ക്ക് പണം നല്‍കിയിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജുമാ മസ്ജിദില്‍ വെച്ചോ പുരാനാകിലയില്‍ വെച്ചോ ആണ് പാക് നയതന്ത്രജ്ഞനും അറസ്റ്റിലായവരും കൂടിക്കാഴ്ച നടത്തിയിരുന്നത്. ഓരോ വിവരങ്ങള്‍ കൈമാറുമ്പോഴും അവര്‍ക്ക് അടുത്ത ജോലികള്‍ നല്‍കും. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ജവാന്‍മാരുടെ മേല്‍വിലാസങ്ങളും അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ശേഖരിക്കാനായിരുന്നു അവസാനമായി പാക് ഉദ്യോഗസ്ഥന്‍ ചാരന്‍മാരോട് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha



























