അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, നുഴഞ്ഞു കയറിയ പതിനഞ്ചു പാക് സൈനികരെ വധിച്ചു

അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കി ബിഎസ്എഫ് പാക് സൈനികരെ വധിച്ചു. കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാറിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടിയാണ് ഇന്ന് നടത്തിയ ആക്രമണം. നുഴഞ്ഞുകയറിയ 15 പാക് അതിര്‍ത്തി രക്ഷാസേനാംഗങ്ങളെ സൈന്യം വധിച്ചു. പാക്സിതാന്റെ മൂന്ന് സൈനിക പോസ്റ്റുകളും തകര്‍ത്തതായി ബിഎസ്എഫ് അവകാശപ്പെട്ടു. കശ്മീരിലെ നൗഷേര സെക്ടറിലായിരുന്നു വീണ്ടും പാക് പ്രകോപനമുണ്ടായിരിക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ആറാം തവണയാണ് പാകിസ്താന്‍ കരാര്‍ ലംഘനം നടത്തിയത്. പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെയ്പ്പില്‍ പ്രദേശത്ത് നാലു സ്ത്രീകള്‍ക്കടക്കം ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന്റെ മറുപടിയായാണ് സൈന്യം ശക്തമായി തിരിച്ചടിച്ചത്.
പാകിസ്താന്റെ ഭാഗത്തു നിന്നും വലിയ തോതിലുള്ള ഷെല്ലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ബിഎസ്എഫ് ചീഫിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെയോടെ ആരംഭിച്ച വെടിയുതിര്‍ക്കലിന് ഇതുവരെ ശമനമുണ്ടായിട്ടില്ല. നിയന്ത്രണരേഖയിലടക്കം ആറ് പ്രദേശത്താണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ കേരി, ഹീരാ നഗര്‍, മെന്താര്‍, പൂഞ്ച്, നൗഷേര എന്നിവിടങ്ങളില്‍ വെടിയുതിര്‍ക്കല്‍ തുടരുകയാണ്.
പാക് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രകുമാറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇപ്പോള്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇന്ത്യ തിരിച്ചടിച്ചത്.
https://www.facebook.com/Malayalivartha



























