തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രികയില്‍ ജയലളിതയുടെ ഒപ്പിനു പകരം വിരലടയാളം മാത്രം

തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ എഐഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയില്‍ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം മാത്രം.അംഗീകൃത പാര്‍ട്ടികളുടെ അംഗങ്ങള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നാമനിര്‍ദ്ദേശപത്രികയില്‍ പാര്‍ട്ടി തലവന്റെ ഒപ്പ് ആവശ്യമാണ്. നാമനിര്‍ദ്ദേശ പത്രികയില്‍ വിരലടയാളം മാത്രം പതിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും വര്‍ദ്ധിച്ചു.
എന്നാല്‍ ആശുപത്രിയില്‍ കഴിയുന്നതിനാലാണ് കൈവിരലടയാളം പതിച്ച പത്രിക സമര്‍പ്പിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം. അരുവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപ്പുരകുന്ദ്രം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് ഫോമുകളാണ് സ്ഥാനാര്‍ത്ഥികള്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. പാര്‍ട്ടി ചിഹ്നം അനുവദിക്കാനായി ആദ്യത്തെ ഫോം പൂരിപ്പിച്ചു നല്‍കേണ്ടത് പാര്‍ട്ടി തലവനാണ്. ആദ്യത്തെ ഫോമില്‍ നാലിടത്ത് പാര്‍ട്ടി മേധാവി ഒപ്പിടണം. സ്ഥാനാര്‍ത്ഥി പാര്‍ട്ടി അംഗമാണ് എന്ന് അറിയിക്കാനുള്ള മറ്റൊരു ഫോമിലും പാര്‍ട്ടി തലവന്റെ ഒപ്പ് ആവശ്യമാണ്. എന്നാല്‍ ഈ സ്ഥലങ്ങളിലെല്ലാം ജയലളിതയുടെ വിരലടയാളം മാത്രമാണുള്ളത്.
സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു.ആശുപത്രി വിടാത്തതിനാല്‍ ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ഒ പനീര്‍ശെല്‍വത്തിന് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























