ഇന്ത്യയെ ഒറ്റിക്കൊടുത്തത് 20 വര്‍ഷം, ഓരോ വിവരങ്ങള്‍ക്ക് ലഭിച്ചത് 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ , സമാജ്‌വാദി പാര്‍ട്ടി എംപിയുടെ സഹായിയെ ചോദ്യം ചെയ്യല്‍ തുടരുന്നു

സമാജ്‌വാദി പാര്‍ട്ടി എംപിയുടെ സഹായി ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടത്തിയത് 20 വര്‍ഷം. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പാര്‍ലമെന്റുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്തി ഐഎസ്‌ഐയ്ക്ക് നല്‍കുകയായിരുന്നു ഫര്‍ഹത് ഖാന്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് അറസ്റ്റിലായ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നെന്നും പൊലീസിനു വ്യക്തമായി.
ഫോണ്‍ വഴിയാണ് ഇവരുടെ എല്ലാ ആശയവിനിമയങ്ങളും നടത്തിയിരുന്നത്. മെഹ്മൂദ് അക്തറിന്റെ മുമ്പ് ഇരുന്ന ആള്‍ക്കാരുമായും ഫര്‍ഹതിന് ബന്ധമുണ്ടായിരുന്നു. ഷംഷാദ്, ഫയ്യാസ് എന്നിവരാണ് അക്തറിനു മുമ്പ് ഹൈക്കമ്മീഷനിലുണ്ടായിരുന്ന ചാരന്‍മാര്‍. അക്തര്‍ പിടിയിലായപ്പോള്‍ ഇയാളാണ് ഫര്‍ഹതിനെ കുറിച്ച് പൊലീസിനു വിവരം നല്‍കിയത്. ഇതാണ് ഫര്‍ഹതിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്.
ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫര്‍ഹതിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഐഎസ്‌ഐയുമായി ഫര്‍ഹതിനുള്ള കൂടുതല്‍ ബന്ധം മനസ്സിലാക്കുന്നതിനാണ് ചോദ്യം ചെയ്യുന്നത്. ഏതു തരത്തിലുള്ള രേഖകളാണ് മോഷ്ടിച്ചു നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് രേഖകള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍, എംപിമാരില്‍ നിന്നുള്ള മറ്റു വിവരങ്ങള്‍ എന്നിവ ചോര്‍ത്തി ഐഎസ്‌ഐയ്ക്ക് നല്‍കുകയായിരുന്നു ഫര്‍ഹതിന്റെ ചുമതല. ഇതിന് ഇയാള്‍ക്ക് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിച്ചിരുന്നു.
ഇന്നലെയാണ് സമാജ്‌വാദി പാര്‍ട്ടി എംപി മുനവര്‍ സലിമിന്റെ സഹായി ഫര്‍ഹത്താണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചാരപ്രവര്‍ത്തനത്തിനു പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അടക്കം മൂന്നു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍, രാജസ്ഥാന്‍ സ്വദേശികളായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരാണ് അറസ്റ്റിലായിരുന്നത്. വിവരങ്ങള്‍ കൈമാറുന്നതിനു പ്രതിഫലമായി അക്തര്‍ കൂട്ടാളികള്‍ക്ക് 50,000 രൂപ നല്‍കിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത ശേഷം പാകിസ്താനു കൈമാറിയിരുന്നു. മറ്റു രണ്ടു പേര്‍ അടുത്തമാസം എട്ടുവരെ പൊലീസ് കസ്റ്റഡിയിലാണ്. ജോധ്പൂരില്‍ അറസ്റ്റിലായ വീസ ഏജന്റ് ഷോയബ് ഹസനെയും 11 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha



























