തലസ്ഥാന നഗരിയില്‍ അന്തരീക്ഷം അതീവ മലിനം, ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ത്യന്‍ തലസ്ഥാന നഗരമായ ഡല്‍ഹിയിലെ അന്തരീക്ഷ ഗുണമേന്മ വളരെ താഴ്ന്ന് ഗുരുതരമായ നിലയിലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം അതീവ മലിനീകൃതമായതായും കാറ്റ് വളരെക്കുറവായിരുന്നുവെന്നതും ചിലസമയത്ത് കാറ്റ് അടിച്ചില്ലെന്നതുമാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.
ഡല്‍ഹി നഗരം വാസയോഗ്യമല്ലാതായി തീരുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണ്ടെത്തിയതോടെ പ്രായമായവരും കുട്ടികളും ഹൃദയശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ത്ഥിക്കുന്നു.
ഡല്‍ഹിയുടെ അന്തരീക്ഷത്തെയാകെ ഒരു മൂടല്‍ മഞ്ഞ് പൊതിഞ്ഞിരിക്കുന്നതായും കാറ്റിന്റെ വേഗത തുലോം കുറവാണെന്നും സഫര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അന്തരീക്ഷമലിനീകരണം ഭൗമോപരിതലത്തിനോട് കൂടുതല്‍ അടുക്കാന്‍ ഇടയാക്കുന്നുണ്ടെന്നുമാണ് വിലയിരുത്തല്‍. ഇതാണ് ശ്വാസകോശ രോഗങ്ങള്‍ ഉള്ളവരോട് പുറത്തിറങ്ങരുതെന്നു നിര്‍ദേശിക്കാന്‍ കാരണം.
എന്നാല്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ പഞ്ചാബിനെയും ഹരിയാനയെയും കുറ്റപ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന കുറ്റികള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുള്ള വയല്‍ പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ കത്തിക്കുന്നതാണു മലിനീകരണത്തിനു കാരണമാകുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഈ സംസ്ഥാനങ്ങളില്‍ തീ കത്തിക്കുന്നതായുള്ള നാസയുടെ ചിത്രവും ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.
ഇതോടൊപ്പം ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചു പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് ഡല്‍ഹി നിവാസികളോടു സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























