ബാങ്കുകള്‍ ശനി, ഞായര്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ്ബാങ്ക്; പുതിയ നിക്ഷേപം 2.5 ലക്ഷം കവിഞ്ഞാല്‍ പരിശോധന, നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

നാളെ മുതല്‍ 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിന്ന് ലഭ്യമാകും. രണ്ടു ദിവസത്തെ മുടക്കത്തിനു ശേഷം എ.ടി.എമ്മുകള്‍ നാളെയാണു പ്രവര്‍ത്തനം തുടങ്ങുക. ചില എ.ടി.എമ്മുകള്‍ ഇന്നു തന്നെ പ്രവര്‍ത്തനക്ഷമമാകും. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായതായി ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞു.
നോട്ട് മാറാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനായി ബാങ്കുകള്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. ഇന്നും നാളെയും ബാങ്കുകള്‍ കുടുതല്‍ സമയം പ്രവര്‍ത്തിക്കും. പല ബാങ്കുകളും എ.ടി.എം. ഇടപാടിനുള്ള ഫീസും എണ്ണം സംബന്ധിച്ച നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വന്തം അക്കൗണ്ടിലൂടെ മാറ്റിയെടുക്കാന്‍ അനുവദിച്ച 50 ദിവസ കാലാവധിയിലെ നിക്ഷേപങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇക്കാലയളവില്‍ ഏതെങ്കിലും അക്കൗണ്ടില്‍ 2.5 ലക്ഷം രൂപയിലധികം നിക്ഷേപമുണ്ടായാല്‍ പ്രത്യേക പരിശോധനയുണ്ടാകും. നിക്ഷേപം ആദായനികുതി വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നികുതിയും 200 ശതമാനം പിഴയും ഈടാക്കും. കള്ളപ്പണവും കള്ളനോട്ടും തടയാനായി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു തുടര്‍ച്ചയായാണ് ഈ തീരുമാനം.
കൈവശമുള്ള പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ മാറ്റിവാങ്ങാനുള്ള സൗകര്യം നികുതി നിബന്ധനകള്‍ക്കു വിധേയമാണെന്നും കള്ളപ്പണം മാപ്പാക്കാനുള്ള ആനുകൂല്യമല്ലെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.വീട്ടാവശ്യത്തിനു വേണ്ടി സൂക്ഷിച്ച നിയമവിധേയമായ പണത്തിന്റെ നോട്ടുകള്‍ അക്കൗണ്ടിലൂടെ മാറുന്നതില്‍ ആശങ്ക വേണ്ടെന്നും 50,000 രൂപയ്ക്കു മേലുള്ള ഇടപാടിന് പതിവുപോലെ പാന്‍ നമ്പര്‍ ബാധകമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന ്‌വൈകുന്നേരത്തോടെ റവന്യു സെക്രട്ടറി ഹസ്മുഖ് അധിയയാണ് വിശദാംശങ്ങള്‍ വിവരിച്ചത്. ആദായനികുതി വിവരവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ നികുതിവെട്ടിപ്പായി കണക്കാക്കി നടപടിയെടുക്കാനാണു തീരുമാനം.
ആഭരണം വാങ്ങലുകളും നിരീക്ഷണത്തിലായിരിക്കും. ആഭരണങ്ങള്‍ വാങ്ങുന്നവരുടെ പാന്‍ നമ്പര്‍ രേഖപ്പെടുത്താന്‍ ജ്വല്ലറികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതു ചെയ്തില്ലെങ്കില്‍ ജ്വല്ലറികള്‍ക്കെതിരേ നടപടിയുണ്ടാകും. വില്‍പന രേഖകളും ജ്വല്ലറികളുടെ ബാങ്ക് നിക്ഷേപങ്ങളും തട്ടിച്ചുനോക്കിയുള്ള നിരീക്ഷണവുമുണ്ടാകും.
https://www.facebook.com/Malayalivartha


























