പുത്തന്‍ നോട്ടില്‍ ഇന്ത്യയെ കടത്തിവെട്ടുന്ന തയ്യാറെടുപ്പുമായി ദാവൂദും സംഘവും; പാക് നിര്‍മ്മിത പുതിയ നോട്ടുകളുടെ പ്രവാഹം തുടരുമെന്ന് ആശങ്ക

എന്തിനും ഏതിനും മറുകൈയും മറുമരുന്നും ലോകത്തിന്റെ ഗതിയാണ്. എത്ര വലിയ ടെക്‌നോളജിയേയും കടത്തിവെട്ടുന്ന വമ്പന്‍മാര്‍ വാഴുന്ന ലോകം കൂടിയാണിത്. അതുകൊണ്ട് അവര്‍ പണിതുടങ്ങിയെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ രൂപയുടെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയെങ്കിലും പാക് ചാരസംഘടനയായ ഐഎസ്‌ഐയും അന്താരാഷ്ട്ര അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമും ചേര്‍ന്ന് നിര്‍മിക്കുന്ന വ്യാജകറന്‍സികളുടെ പ്രവാഹം ഇനിയും തുടരുമെന്ന് ആശങ്ക.
നേപ്പാളും മ്യാന്‍മറുമടക്കമുള്ള അതിര്‍ത്തികളും മാലിയും ശ്രീലങ്കയുമുള്‍പ്പെടുന്ന അയല്‍രാജ്യങ്ങളും വഴിയാണ് ഒറിജിലനിനെ വെല്ലുന്ന പാക് നിര്‍മ്മിത വ്യാജന്മാരുടെ ഇന്ത്യയിലേയ്ക്കുള്ള പ്രവാഹമെങ്കിലും വ്യാജകറന്‍സി കള്ളക്കടത്തിനുള്ള ഏറ്റവും വലിയ ഇടനാഴി ദുബായ് ആണെന്നാണ് ഇന്റര്‍പോളിന്റെ നിഗമനം. ഒന്നരലക്ഷം കോടിയിലധികം രൂപയുടെ പാകിസ്ഥാനില്‍ അച്ചടിച്ച 1000, 500 രൂപയുടെ നോട്ടുകള്‍ ഇന്ത്യയില്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്നാണ് വിദേശനാണയ വിനിമയ വിദഗ്ധരുടെ കണക്ക്. ഇവയ്ക്ക് പകരം ബാങ്കുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ മാറിവാങ്ങാന്‍ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രനടപടി മൂലം സാധിക്കാതെ വരുമെന്ന വലിയ നേട്ടമുണ്ട്.
ഇത് പാകിസ്ഥാന് വന്‍ പ്രഹരമാകുമെങ്കിലും അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടുകളുടെ തനിപ്പകര്‍പ്പായ വ്യാജകറന്‍സികളുടെ നിര്‍മ്മാണം ഐഎസ്‌ഐദാവൂദ് അച്ചുതണ്ട് തുടരുമെന്ന സൂചനകളാണ് ഇന്റര്‍പോളും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും നല്‍കുന്നത്. എന്നാല്‍ വ്യാജന്മാരുടെ കടന്നുകയറ്റത്തിന് താല്‍ക്കാലികമായ ഒരു ശമനമുണ്ടാകുമെന്ന് മാത്രം.
ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങളില്‍ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ കറന്‍സികളുടെ വിനിമയം ഇന്നലെ മുതല്‍ നിലച്ചു. ഇന്ത്യയിലേയ്ക്കുള്ള വ്യാജകറന്‍സികളുടെ ഒഴുക്കു നിലയ്ക്കാന്‍ കേന്ദ്രനടപടി സഹായകമാവുമെന്നാണ് ഗള്‍ഫിലെ ഏറ്റവും വലിയ വിദേശനാണയ വിനിമയ സ്ഥാപനങ്ങളിലൊന്നായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ മേധാവി സുധീര്‍കുമാര്‍ ഷെട്ടി പ്രത്യാശ പ്രകടിപ്പിച്ചത്. റദ്ദാക്കിയ നോട്ടുകളുടെ വിനിമയം ഇന്ത്യയില്‍ നിന്നും ഒരു വ്യക്തത വരുന്നതുവരെ നിര്‍ത്തിവയ്ക്കുമെന്ന് ഗള്‍ഫിലെ വിദേശനാണ്യ വിനിമയ സ്ഥാപനങ്ങളുടെ ഫെഡറേഷനായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റമിറ്റന്‍സ് ഗ്രൂപ്പിന്റെ തലവനായ ഒസാമാ അല്‍ റഹ്മ അറിയിച്ചു.
സാധാരണഗതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ധാരാളം ഇന്ത്യന്‍ കറന്‍സി കൈവശം വയ്ക്കാറില്ല. ഇന്ത്യന്‍ കറന്‍സികള്‍ വിദേശത്തുനിന്നും ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന് മറ്റ് രാജ്യങ്ങളിലെ വിദേശനാണയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ട് മൂന്ന് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ നാട്ടിലേയ്ക്ക് കൊണ്ടുവന്ന് മാറി സമ്പദ്‌വ്യവസ്ഥയില്‍ ആഘാതമുണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി. എങ്കിലും ഇന്ത്യാക്കാര്‍ നാട്ടില്‍പോകുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനും മറ്റുമായി ഏതാനും ആയിരങ്ങള്‍ കരുതിവയ്ക്കാറുണ്ട്. റദ്ദാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകളാവും ഇവയില്‍ മിക്കവാറും. ആ കറന്‍സികളുടെ വിനിമയം സംബന്ധിച്ച് ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായ വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ മാത്രം 26 ലക്ഷം ഇന്ത്യാക്കാരും അവരില്‍ 17 ലക്ഷത്തോളം മലയാളികളുമാണുള്ളത്. ഇവരുടെ പക്കലുള്ള യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സികളുടെ വിനിമയമാണ് കീറാമുട്ടിയായി തുടരുന്നത്.
ഒരുതരത്തിലും പകര്‍ത്താനാവാത്ത സുരക്ഷാ മുന്‍കരുതലുകളുമായി പുതിയ നോട്ടുകള്‍ വരുന്നത് പാക്കിസ്ഥാന് കടുത്ത തിരിച്ചടിയായിരിക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. തീവ്രവാദത്തിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പാക്കിസ്ഥാന്‍ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചിരുന്നതെന്ന് കറന്‍സികള്‍ പിന്‍വലിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, കറന്‍സികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനും ചിലര്‍ തുടക്കം കുറിച്ചിട്ടുണ്ട്. 125 കോടി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കറന്‍സികള്‍ പിന്‍വലിച്ച നടപടി സാമ്പത്തിക തീവ്രവാദമാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ ഒരാള്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ സ്വമേധയാ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മുമ്പ് സര്‍ക്കാര്‍ നോട്ടുകള്‍ റദ്ദാക്കിയത് ഓര്‍ഡിനന്‍സും നിയമഭേദഗതിയും നടപ്പാക്കിക്കൊണ്ടാണെന്നും അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, പുതിയതായി ഇറങ്ങുന്ന 2000 രൂപ നോട്ടുകലില്‍ നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം പൊള്ളയാണെന്ന് തെളിഞ്ഞു. നോട്ട് എങ്ങോട്ട് നീങ്ങിയാലും നിരീക്ഷിക്കപ്പെടുമെന്ന പ്രചാരണവും ശക്തമായിരുന്നു. 120 മീറ്റര്‍ താഴ്ചയില്‍വരെ കുഴിച്ചിട്ടാലും നോട്ട് കണ്ടെത്താനാകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ അസംബന്ധമാണെന്നാണ് ഔദ്യോഗിക വിശദീകരണം. 2000 രൂപയുടെ നോട്ട് കയ്യില്‍കിട്ടിയിട്ട് ലേഖകന് തോന്നിയത് 10 രൂപ നോട്ടുപോലെയാണ്. ബാങ്കില്‍ തിക്കിതിരക്കുന്നവര്‍ക്കെല്ലാം രണ്ടായിരത്തിന്റെ ഒരു നോട്ടം 20 ന്റെ 100 നോട്ടുകളുമായി 4000 രൂപയാണ് നിലവില്‍ നല്‍കുന്നത്.
https://www.facebook.com/Malayalivartha


























