അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറന്‍സികള്‍ നിരോധിച്ചതുകൊണ്ട് സര്‍ക്കാരിന് നേട്ടം കോടികള്‍

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറന്‍സികള്‍ നിരോധിച്ചതുകൊണ്ട് സര്‍ക്കാരിനുണ്ടാകുന്നത് 3 ലക്ഷം കോടി രൂപയുടെ നേട്ടം എന്ന് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണത്തിന് തടയിടാനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജകറന്‍സി പാടെ ഇല്ലാതാക്കാനും മാത്രമുള്ളതായിരുന്നില്ല പൊടുന്നനെയുള്ള ഈ സാമ്പത്തിക വിപ്ലവം എന്ന് സൂചനകള്‍.ഐസ് ലാന്‍ഡ് എന്ന ചെറുരാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നുമടങ്ങുവരുന്ന തുകയാണ് ഒറ്റയടിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുന്നത്.
മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ എഡ്ല്‍വീസ് സെക്യൂരിറ്റീസ് ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബജറ്റിനോട് 45 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ) കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രവചനം. മോഡിയുടെ നീക്കം കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുകയും ദൈനംദിന കച്ചവടങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് സാമ്പത്തികവിദഗ്ധരില്‍ ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍. പക്ഷേ മൂന്നുലക്ഷം കോടിയല്ല മറിച്ച് നാലര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇന്ത്യക്കുണ്ടാവുകയെന്നാണ് ഐ സി ഐസി ഐ സെക്യൂരിറ്റീസിന്റെ പ്രവചനം.
വൈകീട്ട് ഏഴുമണിയോടെ ക്യാബിനറ്റ് മീറ്റിങ് വിളിച്ചപ്പോള്‍ എത്തിയ മന്ത്രിമാരില്‍ ചില സീനിയര്‍ മന്ത്രിമാര്‍ക്കുമാത്രമേ ഇതേപ്പറ്റി അറിവുണ്ടായിരുന്നുള്ളു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ മന്ത്രിമാരെ പോലും പുറത്തുവിടാതെ പിടിച്ചിരുത്തിയാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്.
ക്യാബിനറ്റ് മീറ്റിംഗില്‍ ഈ അനൗണ്‍സ്‌മെന്റിന്റെ കാര്യം വെളിപ്പെടുത്തിയ ശേഷം രാഷ്ട്രപതിയെ മാത്രം ഇക്കാര്യം അറിയിക്കുകയും പിന്നീട് രാഷ്ട്രത്തോട് വിവരം പ്രഖ്യാപിക്കുകയുമായിരുന്നു. 17.8 ലക്ഷം കോടിയുടെ കറന്‍സിയാണ് രാജ്യത്ത് സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നതെന്നാണ് കണക്ക്. ഇതിന്റെ 86 ശതമാനം പിന്‍വലിച്ച് പകരം പുതിയത് നല്‍കുകയെന്ന വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത്രയും തുക മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് പകരം പുതിയത് നല്‍കുമ്പോള്‍ സമയമെടുക്കുന്നതും സര്‍ക്കാരിന് വലിയ ഗുണംചെയ്യും.
https://www.facebook.com/Malayalivartha


























