നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മരവിപ്പിക്കില്ല, ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണെന്ന് മോഡി

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം മരവിപ്പിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപി ഉന്നത നേതാക്കളുടെ യോഗത്തിലാണ് നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി വീണ്ടും നിലപാടു വ്യക്തമാക്കിയത്.
നോട്ടുനിരോധനം പിന്‍വലിക്കുന്ന ചോദ്യമേ ഉദിക്കുന്നില്ല. വിഷയത്തില്‍ ജനങ്ങള്‍ സര്‍ക്കാറിനൊപ്പമാണെന്ന് മോഡി പറഞ്ഞു. പ്രതിപക്ഷ ആക്രമണത്തില്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും കള്ളപ്പണത്തിനെതിരേ ശക്തമായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ പ്രതിപക്ഷം സര്‍ക്കാറിനെതിരേ കനത്ത ആക്രമണം നടത്താനുള്ള സാഹചര്യം നേരിടുന്നതു ചര്‍ച്ചചെയ്യാനാണ് പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചത്.പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രതിരോധിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പാര്‍ട്ടി എം.പിമാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം നോട്ട് അസാധുവാക്കലില്‍ പാര്‍ലമെന്റില്‍ ഈയാഴ്ച മുഴുവന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമാകുകയും വിമര്‍ശനം കടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പാര്‍ലമെന്റ സമ്മേളനത്തില്‍ നോട്ട് പ്രതിസന്ധി പ്രതിപക്ഷം ഉന്നയിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























