ബാങ്ക് ലോക്കറുകള്‍ സര്‍ക്കാര്‍ പൂട്ടിയെടുക്കില്ലെന്ന് ധനമന്ത്രാലയം

നോട്ടുനിരോധനത്തിന്റെ അടുത്ത ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അനധികൃതമായി സ്വര്‍ണം സൂക്ഷിക്കുന്നവരെയാണെന്ന പ്രചാരണം ധനമന്ത്രാലയം നിഷേധിച്ചു. രാജ്യത്ത് നിന്നും 500,1000 രൂപ പിന്‍വലിക്കാനുള്ള തീരുമാനത്തോടെ വാര്‍ത്തകളേക്കാള്‍ പ്രചരിച്ചത് ഇതുമായി ബന്ധപ്പെട്ട കള്ളക്കഥകളാണ്. പുതുതായി പുറത്തിറക്കുന്ന 2000 രൂപയുടെ നോട്ടില്‍ മൈക്രോ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട് എന്നതില്‍ തുടങ്ങി പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച നോട്ടാണ് പുറത്തിറക്കാന്‍ പോകുന്നതെന്ന് വരെ ചിലര്‍ പറഞ്ഞ് പരത്തിക്കളഞ്ഞു.
ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും സ്വര്‍ണം, ഡയമണ്ട് തുടങ്ങിയവ കണ്ടുകെട്ടുകയുമാണ് സര്‍ക്കാരിന്റെ അടുത്ത നീക്കമെന്നുള്ളത് വെറും കള്ളക്കഥയാണ്. ഇവയില്‍ സത്യമില്ല. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ഇവയെല്ലാം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ധനമന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
500,1000 കറന്‍സികള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ ജുവലറികളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരെല്ലാം ഈ പണമെല്ലാം സ്വര്‍ണത്തിലേക്ക് മാറ്റുമെന്ന് രഹസ്യ വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളില്‍ നിലവില്‍ സൂക്ഷിച്ചിരിക്കുന്ന ലോക്കറുകളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുമെന്നും അനധികൃതമായി എന്തെങ്കിലും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























