പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അനുവദിച്ച സമയം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

നിരോധിച്ച പഴയനോട്ടുകള്‍ മാറ്റിനല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നവംബര്‍ എട്ടിന് പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് നിലവില്‍ അനുവദിച്ചിരിക്കുന്ന സമയം വെട്ടിക്കുറച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് മാറ്റിയെടുക്കല്‍ മുഴുവനായി നിരോധിക്കാനാണ് നീക്കം. കള്ളപ്പണം വിവിധ വഴികളിലൂടെ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണിത്.
നവംബര്‍ 24ന് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയേക്കും. മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി ആദ്യം 4000 രൂപയായിരുന്നു. പിന്നീട് 4500 രൂപയാക്കി. കഴിഞ്ഞദിവസം ഇത് 2000 രൂപയാക്കി കുറച്ചു.
ഒരു വ്യക്തിക്ക് ഒറ്റത്തവണയേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ. അതേസമയം വിവാഹാവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവരെയും കര്‍ഷകര്‍ക്കു വായ്പയില്‍നിന്ന് 25,000 രൂപവരെയും പിന്‍വലിക്കാം. നോട്ട് മാറ്റിയെടുക്കല്‍ നിരോധിച്ചാലും പഴയ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതിയുണ്ടാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























