രാജീവ് വധക്കേസ് പ്രതി നളിനിയുടെ ആത്മകഥ: കേരളത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത്

രാജീവ് ഗാന്ധി വധക്കേസില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുമ്പോള്‍ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി വെളിപ്പെടുത്തുന്നു. 24നു പുറത്തിറങ്ങുന്ന ആത്മകഥയിലാണ് ഇക്കാര്യം പറയുന്നത്.
ക്രൂരതയ്ക്കു പേരുകേട്ട ഈ ഉദ്യോഗസ്ഥനെ പ്രത്യേകം വിളിച്ചുവരുത്തുകയായിരുന്നു. ''അയാള്‍ എന്റെ നെഞ്ചില്‍ ഇടിയ്ക്കുകയും ഷാള്‍ വലിച്ചുകീറുകയും ചെയ്തു. ഇതു തുടക്കം മാത്രമാണെന്നും പുറത്ത് ആണ്‍കുട്ടികള്‍ കാത്തുനില്‍ക്കുകയാണെന്നും പറഞ്ഞു. അതോടെ ഞാന്‍ കുറ്റമേറ്റു.'' അഡയാറിലെ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാനും ശ്രമിച്ചു. അവിടെയുള്ള വനിതാ ഡോക്ടറാണു രക്ഷിച്ചത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആ ഡോക്ടര്‍ തനിക്കു ദേവതയാണെന്നും നളിനി പറയുന്നു.
ജയിലില്‍ 2008ല്‍ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ 90 മിനിറ്റ് രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ചും ആത്മകഥയില്‍ പറയുന്നുണ്ട്. എന്തിനു വേണ്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നു പ്രിയങ്ക ചോദിച്ചപ്പോള്‍ ഒന്നിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നു മറുപടി പറഞ്ഞു. തനിക്കോ ഭര്‍ത്താവ് മുരുകനോ ഒന്നും അറിയില്ലായിരുന്നുവെന്നതാണു യഥാര്‍ത്ഥ സത്യം.
രാജീവ് ഗാന്ധിയുടെ മരണവാര്‍ത്ത ടിവിയില്‍ കണ്ടു താന്‍ കരഞ്ഞുപോയി. തനു മനുഷ്യബോംബ് ആയിരുന്നുവെന്നറിഞ്ഞത് പത്ര ഫോട്ടോകളില്‍ നിന്നാണ്. രക്തദാഹികളായ ചെന്നായ്ക്കളാണു ചുറ്റുമുണ്ടായിരുന്നതെന്ന് അപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ.
മുരുകനുമായി മൂന്നു മാസത്തെ ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടയില്‍ പ്രണയിച്ചു, വിവാഹം കഴിച്ചു, ജയില്‍വാസം അനുഭവിച്ചു. ഒരുമിച്ചുകഴിയാനാകുന്നില്ല. മരണശേഷം ഒരുമിച്ചു സംസ്‌കരിക്കണം. മരണശേഷമെങ്കിലും ഒരുമിച്ചു ജീവിക്കട്ടെയെന്നും ആത്മകഥയില്‍ ഉള്‍പ്പെടുത്തിയ മകള്‍ അരിത്രയ്ക്കുള്ള കത്തില്‍ നളിനി പറയുന്നു. മുരുകന്‍ വെല്ലൂരിലെ പുരുഷന്മാരുടെ ജയിലിലും നളിനി വനിതാ ജയിലിലുമാണ് ഇപ്പോള്‍ കഴിയുന്നത്
. 
https://www.facebook.com/Malayalivartha



























