മല്യയുടേത് പോലെ തന്റെ കടവും എഴുതി തള്ളണമെന്ന് എസ്.ബി.ഐയോട് ശുചിത്വ തൊഴിലാളി

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഭാവുറാവു എന്ന ശുചിത്വ തൊഴിലാളി തന്റെ 1.5 ലക്ഷം രൂപയുടെ കടം വ്യവസായ പ്രമുഖന്‍ വിജയ് മല്യയുടേതിന് സമാനമായി എഴുതിത്തള്ളണമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ത്രയംബകേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ജോലിക്കാരനാണ് ഭാവുറാവു.
വിജയ് മല്യയുടെ ആയിരത്തി ഇരുനൂറ് കോടിയോളം രൂപയുടെ കടം എസ്ബിഐ എഴുതിത്തള്ളിയതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. മല്യയുടെ ലോണ്‍ എഴുതിത്തള്ളിയ അതേ രീതിയില്‍ തന്റെ ലോണും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനായി ബാങ്കിന് ഒരു കത്തു നല്‍കിയതായി ഭാവുറാവു പറഞ്ഞു.
മല്യയുടെ ലോണ്‍ എഴുതിത്തള്ളിയതിന് താന്‍ ബാങ്കിനെ അഭിനന്ദിച്ചു. മകന്റെ രോഗത്തിന് ചികിത്സിക്കാനായാണ് ലോണ്‍ എടുത്തത്. ഇപ്പോള്‍ അടക്കാന്‍ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
മല്യയുടേത് ഉള്‍പ്പെടെ 7,000 കോടി രൂപയാണ് എസ്ബിഐ എഴുതിത്തള്ളിയത്. അതേസമയം, ലോണ്‍ എഴുതിത്തള്ളിയതല്ലെന്നും കിട്ടാക്കടത്തിന്റെ അക്കൗണ്ടിലേക്ക് ഇവ മാറ്റിയതാണെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം. ബാങ്കിന്റെ നടപടിക്കെതിരെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























