തുറന്നടിച്ച് പനീര്‍ ശെല്‍വം, തന്നെക്കൊണ്ട് രാജിവയ്പ്പിച്ചത് നിര്‍ബദ്ധപൂര്‍വ്വം, ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ആഞ്ഞടിച്ചുകൊണ്ട് പനീര്‍ശെല്‍വ്വം രംഗത്തെത്തി. ജയലളിതയുടെ സ്മൃതി മണ്ഡപത്തിലെത്തി അരമണിക്കൂറോളം പ്രാര്‍ത്ഥനയ്ക്കുശേഷമാണ് പനീര്‍ശെല്‍വ്വം ആഞ്ഞടിച്ചത്.
തന്നെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കാന്‍ ശശികല ശ്രമിച്ചിരുന്നതായ് പനീര്‍ശെല്‍വ്വം പറഞ്ഞു. ജയലളിതയുടെ ആഗ്രഹപ്രകാരമാണ് താന്‍ മുഖ്യമന്ത്രിയായത്. എംഎല്‍എമാരുടെ യോഗം വിളിച്ചത് എന്തിനെന്ന് അറിയില്ല. റവന്യൂ മന്ത്രിയാണ് തന്റെ രാജി ആവശ്യപ്പെട്ടത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ മുഖ്യമന്ത്രിയായി തുടരുമെന്നും പനീര്‍ശെല്‍വ്വം വ്യക്തമാക്കി.
ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ വച്ച് മാധ്യമങ്ങളോടാണ് പനീര്‍ശെല്‍വ്വം പ്രതികരിച്ചത്. ചില സത്യങ്ങള്‍ തനിക്കു പറയാനുണ്ടെന്നു പറഞ്ഞാണ് പനീര്‍സെല്‍വം മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. ജയലളിത ആശുപത്രിയിലായപ്പോള്‍ നേതൃമാറ്റം ചര്‍ച്ചയായി. മധുസൂധനനെ ജനറല്‍ സെക്രട്ടറി ആക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. അതിനെ താന്‍ എതിര്‍ത്തു. ധൃതിയെന്തിനാണെന്നു താന്‍ ചോദിച്ചു. പാര്‍ട്ടിയെയും സര്‍ക്കാരിനെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പൊതുസമ്മതനെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്ന് അമ്മ ആഗ്രഹിച്ചു. അമ്മയുടെ അടുത്തിരുന്നപ്പോള്‍ അവരുടെ ആത്മാവ് പറഞ്ഞിട്ടാണ് താനിപ്പോള്‍ ഇതെല്ലാം തുറന്നുപറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
തന്റെ കടമ താന്‍ ഭംഗിയായി ചെയ്തു. അമ്മ തെളിച്ച വഴിയിലൂടെയായിരുന്നു താന്‍ മുന്നോട്ടു പോയത്. പാര്‍ട്ടിക്കാരും ജനങ്ങളും ആവശ്യപ്പെട്ടാല്‍ ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശശികല നടരാജന്‍ ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് ഗവര്‍ണര്‍ ബുധനാഴ്ച ചെന്നൈയില്‍ എത്തില്ല. പനീര്‍സെല്‍വം തന്നെ ഇടക്കാല മുഖ്യമന്ത്രിയായി തുടരുമെന്നും ശശികലയുടെ സ്ഥാനമേല്‍ക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയിട്ടേ ഗവര്‍ണര്‍ എത്തുകയുള്ളെന്നുമാണ് സൂചന.
https://www.facebook.com/Malayalivartha


























