കരള് പൊട്ടി പനീര്‍ശെല്‍വം... ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ ആട്ടിപ്പുറത്താക്കി; പറയാന്‍ ബാക്കിയുള്ളത് 90 ശതമാനം

എല്ലാം നഷ്ടപ്പെട്ട പനീര്‍ശെല്‍വം കരളുപൊട്ടുന്ന അനുഭവങ്ങളാണ് പറഞ്ഞത്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിട്ടും ജയലളിതയെ കാണാന്‍ ശശികലയും സംഘവും അനുവദിച്ചില്ല. ജയലളിത അസുഖബാധിതയായി കിടന്ന 75 ദിവസവും താന്‍ ആശുപത്രിയില്‍ ചെന്നെങ്കിലും തന്നെ അവരെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.
പിന്നണികഥകളുടെ വെറും 10 ശതമാനം മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നും ഡിഎംകെയുമായി തനിക്കൊരു ബന്ധവുമില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജയലളിത സമാധിയില്‍വെച്ച് ശശികലയ്‌ക്കെതിരെ തുറന്നടിച്ച ശേഷം വീട്ടില്‍ വെച്ച് വീണ്ടും മാധ്യമങ്ങളോട് സംസാരിക്കവെയാണ് പനീര്‍ശെല്‍വം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഞാന്‍ എന്നും എഐഎഡിഎംകെയുടെ വിശ്വസ്തനായ അനുയായിയാണ്, അങ്ങനെ തന്നെ തുടരും. പാര്‍ട്ടി ട്രഷറര്‍ പദവി ജയലളിത തനിക്ക് തന്നതാണ്. ആര്‍ക്കും അത് എടുത്താമാറ്റാനാവില്ല.
പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളന വേളയില്‍ എംകെ സ്റ്റാലിനെ താന്‍ ചിരിച്ചു കാട്ടിയെന്ന ശശികലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പനീര്‍ശെല്‍വം.
ചൊവ്വാഴ്ച രാത്രി മറീന ബീച്ചിലെ ജയയുടെ ശവകുടീരത്തില്‍ അരമണിക്കൂറോളം ധ്യാനിച്ച ശേഷമാണ് പനീര്‍ശെല്‍വം ശശികലയ്ക്കും കൂട്ടര്‍ക്കുമെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ അമ്മയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്താന്‍ എന്നോടാവശ്യപ്പെട്ടു. ശശികലയും പാര്‍ട്ടി നേതാക്കളും മന്ത്രിമാരും എം.എല്‍.എ.മാരും ശശികലയുടെ ബന്ധുക്കളുമായിരുന്നു അവിടെയുണ്ടായിരുന്നത്. ഞാന്‍ അറിയുകപോലും ചെയ്യാത്ത യോഗത്തിലേക്കാണ് എന്നെ വിളിച്ചത്. ഞാന്‍ ചിന്നമ്മയുടെയും നേതാക്കളുടെയും അരികിലേക്ക് ചെന്നു. അവരെന്നോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ ഞാന്‍ രാജിവെച്ചേ തീരൂവെന്ന് അവര്‍ പറഞ്ഞു. എം.എല്‍.എ.മാരെ വിളിച്ചുകൂട്ടിയത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയും ഒരാളാകുന്നതാണ് നല്ലതെന്ന് അവര്‍ പറഞ്ഞു.
രണ്ടുമണിക്കൂറോളം ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ ആഗ്രഹിക്കാതെയാണ് ആദ്യം എന്നെ നേതാവായി തിരഞ്ഞെടുത്തത്. എന്നിട്ടും എന്നോട് ഇങ്ങനെ ആവശ്യപ്പെടുന്നത് നീതിയാണോ എന്ന് ഞാന്‍ ചോദിച്ചു. എല്ലാ അധിക്ഷേപവും ഞാന്‍ സഹിച്ചു. എല്ലാം പാര്‍ട്ടി അച്ചടക്കത്തിന്റെ പേരിലായിരുന്നു.
എല്ലാം തുറന്നുപറയാന്‍ അമ്മയുടെ ശവകുടീരത്തിലേക്ക് പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഞാനത് ചെയ്തു. സംസ്ഥാനത്തെയും തമിഴ്മക്കളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് നാടിനാവശ്യം. അത് ഒ.പി.എസ്. തന്നെ ആവണമെന്നില്ല. പക്ഷേ, അമ്മ നമുക്ക് തന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന ഒരാളാവണമത്. ഞാനൊറ്റയ്‌ക്കേ ഉള്ളൂവെങ്കിലും അതിനുവേണ്ടി അന്ത്യം വരെ പോരാടും. തമിഴ്മക്കളും പാര്‍ട്ടിയും വിളിച്ചാല്‍ ഞാന്‍ രാജി പിന്‍വലിച്ച് തിരിച്ച് വരും.
https://www.facebook.com/Malayalivartha


























