ഷീനാബോറ കേസില്‍ തടവിലായ മാധ്യമ രാജ്ഞി വിവാഹ മോചനത്തിനൊരുങ്ങുന്നു; ജയിലില്‍ കഴിയുമ്പോഴും തമ്മില്‍ത്തല്ലുമായി ഇന്ദ്രാണിയും ഭര്‍ത്താവും

മകള്‍ ഷീനയെ കൊലപ്പെടുത്തിയ കേസില്‍ ബൈക്കുള ജയിലില്‍ തടവില്‍ കഴിയവേ ഭര്‍ത്താവിനോട് പിണങ്ങി ഇന്ദ്രാണി മുഖര്‍ജി. കേസിലെ മറ്റൊരു പ്രതി കൂടിയായ പീറ്റര്‍ മുഖര്‍ജിക്ക് അയച്ച കത്തിലാണ് ഇനിയൊരിക്കലും തന്നോട് മിണ്ടരുതെന്നും ഇങ്ങനെ കപട മുഖം കാണിക്കുന്ന ഒരു ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്നും ഇന്ദ്രാണി പറഞ്ഞിരിക്കുന്നത്.
ഇന്ദ്രാണി ബൈക്കുള ജയിലിലും പീറ്റര്‍ ആര്‍തര്‍ റോഡ് ജയിലിലുമാണ് കഴിയുന്നത്. കോടതിയിലേയ്ക്ക് കൊണ്ടു പോകുമ്പോള്‍ മാത്രമാണ് ഇരുവരും പരസ്പരം കാണുന്നത്. ഒരേ വാഹനത്തിലാണ് കൊണ്ടു പോകുന്നതും. വാനില്‍ വെച്ച് പീറ്റര്‍ ഇന്ദ്രാണിയുമായി സംസാരിക്കാറുണ്ട്. എന്നാല്‍ പുറത്തിറങ്ങുന്നതോടെ യാതൊരു പരിചയവുമില്ലാത്ത രീതിയിലാണ് പെരുമാറ്റം. ബന്ധുക്കളുടെ മുന്നില്‍ വെച്ച് കണ്ടഭാവം നടിക്കാറില്ല. ഇതാണ് ഇന്ദ്രാണിയെ ചൊടിപ്പിച്ചത്.
'നിങ്ങള്‍ രണ്ടു മുഖമുള്ള ആളാണ്. ഈ രീതിയില്‍ എന്നോട് പെരുമാറുന്നത് ശരിയല്ല. ഇതെന്നെ അസ്വസ്ഥയാക്കുന്നു. ഇനി പോലീസ് വാനില്‍ വെച്ചും എന്നോട് സംസാരിക്കരുത്. നിങ്ങളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും എനിക്ക് വേണ്ട' എന്ന് കത്തില്‍ പറയുന്നു.
നാലുപേജുള്ള കത്തില്‍ പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജിയെക്കുറിച്ചും ്രൈഡവര്‍ ശ്യാവര്‍ റായിയെക്കുറിച്ചും പറയുന്നുണ്ട്. 'ഇരുവരും പോലീസിന് കള്ളമൊഴിയാണ് നല്‍കിയിരിക്കുന്നത്. ഇരുവരും നല്‍കിയ മൊഴിയാണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത്. പോലീസ് പണം നല്‍കിയാവാം ശ്യാമിനെക്കൊണ്ട് ഇത്തരത്തില്‍ മൊഴി കൊടുപ്പിച്ചത്. എന്നെ കുറ്റവാളിയാക്കാന്‍ രാഹുലിന് ഒരു മടിയുമില്ല. ഒരുപക്ഷേ, അവനായിരിക്കാം ഈ കുറ്റകൃത്യം ചെയ്തത്. ഞാന്‍ എന്തായാലും വലിയൊരു യുദ്ധത്തിനുതന്നെ തയ്യാറെടുത്തുകഴിഞ്ഞു. നീതി ലഭിക്കുന്നത് എത്ര വൈകിയാലും, അതുവരെ പോരാടാന്‍ തീരുമാനിച്ചു. അതിന് ശക്തയായി തുടരേണ്ടതുണ്ട്' ഇന്ദ്രാണി കത്തില്‍ പറയുന്നു.
സാമ്പത്തിക കാര്യങ്ങളുടെ രേഖകളെല്ലാം കൃത്യമാക്കി വയ്ക്കാനും അവര്‍ പീറ്റര്‍ മുഖര്‍ജിയോട് ആവശ്യപ്പെടുന്നുണ്ട്. വിവാഹബന്ധം വേര്‍പെടുത്തേണ്ട അവസ്ഥയില്‍ ഇതു പെട്ടെന്ന് ഉപകരിക്കുമല്ലോ എന്നും കത്തില്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























