800 കിലോ കൂറ്റന്‍ കിച്ചഡിയുമായി ഗിന്നസ് റെക്കോര്‍ഡ് നേടി ഇന്ത്യ

എണ്ണൂറു കിലോ ഗ്രാമിന്റെ കൂറ്റന്‍ കിച്ചഡിയുമായി ഗിന്നസ് റെക്കോഡില്‍ ഇടംനേടി ഇന്ത്യ. ഡല്‍ഹിയില്‍ ആരംഭിച്ച ലോക ഭക്ഷ്യമേളയിലാണ് ഇന്ത്യ റെക്കോഡ് സൃഷ്ടിച്ചത്. കിച്ചഡിയെ പ്രോത്സാഹിപ്പിക്കുകയും രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ ഭക്ഷണം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാചക വിദഗ്ധന്‍ സഞ്ജീവ് കപൂറിന്റെ നേതൃത്വത്തിലായിരുന്നു കിച്ചഡി തയ്യാറാക്കിയത്.
അരിയും പയര്‍ വിഭവങ്ങളും പച്ചക്കറികളും പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന കിച്ചഡി ഒരു രാത്രി നീണ്ട പ്രയത്‌നത്തിലൂടെയായിരുന്നു സഞ്ജീവും സംഘവും തയാറാക്കിയത്. പ്രാദേശികതലത്തിനപ്പുറം രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ ദേശീയഭക്ഷണമായി ഉയര്‍ത്തിക്കാട്ടേണ്ട വിഭവമാണു കിച്ചഡിയെന്നു യോഗാ ഗുരു ബാബാ രാംദേവ് പറഞ്ഞു. നിരവധി പോഷകമൂല്യങ്ങളുടെ കൂടിച്ചേരലായ ഈ വിഭവം നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സവിശേഷതയെ പ്രതിനിധീകരിക്കുന്നതായി ഭക്ഷ്യവിഭവ മന്ത്രി ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.
മേളയില്‍ പാചകം ചെയ്ത കിച്ചഡി പിന്നീട് അക്ഷയപാത്ര ഫൗണ്ടേഷന്റേയും ഗുരുദ്വാരയുടേയും കീഴിലുള്ള 60,000 അനാഥക്കുട്ടികള്‍ക്ക് വിതരണം ചെയ്തു. പാചക വിദഗ്ധരായ ഇംതിയാസ് ഖുറേഷി, രണ്‍വീര്‍ ബ്രാര്‍, സുധിര്‍ സിബല്‍, രാകേഷ് സീതി, അക്ഷയ് നയ്യാര്‍, സതിഷ് ഗൗഡ എന്നിവരും കിച്ചഡി നിര്‍മാണത്തില്‍ പങ്കാളികളായി.
ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, ഡെന്‍മാര്‍ക്ക് ഭക്ഷ്യമന്ത്രി എസ്‌ബെന്‍ ലുന്റെ ലാര്‍സന്‍, ഐ.ടി.സി. സി.ഇ.ഒ. സഞ്ജീവ് പുരി, ടാറ്റാ കെമിക്കല്‍സ് സി.ഒ.ഒ. റിച്ച് അറോറ, എല്‍.ടി. ഫുഡ്‌സ് ചെയര്‍മാന്‍ വിജയ് അറോറ, അക്ഷയപാത്ര ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ മേളയില്‍ പങ്കെടുത്തു.
ഉത്തരേന്ത്യയിലും ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള വിഭവമാണു കിച്ചഡി. അരിയും ധാന്യങ്ങളും ഉപയോഗിച്ചാണു കിച്ചഡി തയാറാക്കുന്നത്. പരിപ്പാണു കൂടുതലായും കിച്ചഡിക്ക് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha



























