കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ ഒഴിവു വന്ന സീറ്റിലാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ പേര് നാമനിർദേശം ചെയ്തത്.
വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് നടന്നത്. വെങ്കയ്യ നായിഡുവിനു പകരം അൽഫോൻസ് കണ്ണന്താനത്തെ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. രാജസ്ഥാൻ നിയമസഭയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ളതിനാൽ അൽഫോൻസ് കണ്ണന്താനത്തിനെതിരേ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്തിയില്ല. ഇതോടെ കണ്ണന്താനം വിജയം ഉറപ്പിക്കുകയായിരുന്നു.
കണ്ണന്താനം രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ ബിജെപി എംഎൽഎ പരസ്യമായി രംഗത്തെത്തിയിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഘനശ്യാം തിവാരി, കണ്ണന്താനത്തെ പോലുള്ളവർ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാൽ എംഎൽഎയോ കൗണ്‍സിലറോ പോലും ആവില്ലെന്നും തുറന്നടിച്ചു.
https://www.facebook.com/Malayalivartha


























