സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീൻ ഖിൽജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ബോളിവുഡ് ചിത്രം പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് കേന്ദ്രത്തോട് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു.
വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസിന് അനുമതി നൽകരുതെന്നും സ്മൃതിയോട് മന്ത്രി ആവശ്യപ്പെട്ടു.
പദ്മാവതിക്കെതിരേ പ്രതിഷേധിക്കുന്നവരോട് മൃദുസമീപനം കൈക്കൊള്ളുന്ന മുഖ്യമന്ത്രിമാരിൽ പ്രധാനിയാണ് വസുന്ധര. നേരത്തെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരേ മുഖ്യമന്ത്രിമാർ നിലപാടെടുക്കുന്നതെങ്കിലും ചിത്രത്തിനെതിരേ പ്രതിഷേധിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ ഈ മുഖ്യമന്ത്രിമാർ തയാറായിട്ടില്ല.
ഇതിനുമുൻപ് അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസറിംഗിന് അയച്ച പദ്മാവതി പ്രിന്റ് സർട്ടിഫിക്കേഷൻ ബോർഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്.
ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. ഡിസംബർ ഒന്നിനു ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ സെൻസർ ബോർഡ് സെൻസറിംഗ് പൂർത്തിയാക്കി ചിത്രം കൈമാറിയില്ലെങ്കിൽ റിലീസ് വീണ്ടും നീളും. പദ്മാവതി പ്രദർശിപ്പിച്ചാൽ തിയറ്ററുകൾ കത്തിക്കുമെന്ന ഭീഷണിയുമായി രജ്പുത് കർണി സേന രംഗത്തെത്തിയിരുന്നു.
ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്നും ദീപിക ഡച്ചുകാരിയാണെന്നുമുള്ള പ്രസ്താവനയുമായി സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. രക്തം കൊണ്ടുള്ള കത്തുമായി ഹിന്ദു സംഘടനകളും എത്തിയിരുന്നു.
https://www.facebook.com/Malayalivartha



























