സമൂഹമാധ്യമങ്ങളിൽ മുസ്ലീങ്ങൾക്കെതിരായി പ്രചരിക്കുന്ന വീഡിയോ നിരോധിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ഗുജറാത്തിൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുസ്ലീങ്ങളെ ഭയപ്പെടണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ നൽകുന്നത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ ബാങ്കുവിളി കേട്ട് പേടിച്ചോടുന്ന പെണ്കുട്ടിയെയാണ് കാണാൻ കഴിയുന്നത്. ഇതിനെതിരേ മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പാർമർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുസ്ലീങ്ങൾക്കെതിരേ പ്രചാരണം നടത്തുന്ന ഈ വീഡിയോ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ബി.ബി.സ്വെയ്ൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വീഡിയോയിൽ അഭിനയിച്ചവരെ കണ്ടെത്തിയാൽ പ്രതികളെ പിടികൂടുന്നത് എളുപ്പമാകുമെന്ന് പരാതിക്കാരൻ പറയുന്നു. ഗുജറാത്തിൽ വൈകിട്ട് ഏഴിനു ശേഷം സംഭവിക്കാവുന്നത് എന്ന് എഴുതിക്കാണിച്ചു തുടങ്ങുന്ന വീഡിയോയ്ക്കു 75 സെക്കൻഡ് ദൈർഘ്യമാണുള്ളത്.
ഒരു പെണ്കുട്ടി റോഡിലൂടെ അതിവേഗത്തിൽ ഭയപ്പെട്ട് നടക്കുന്നു. ബാങ്കുവിളിയോടു സാമ്യമുള്ള ശബ്ദമാണ് പശ്ചാത്തലത്തിൽ കേൾക്കുന്നത്. അവളുടെ മാതാപിതാക്കൾ ഉത്കണ്ഠയോടെ വീട്ടിൽ കാത്തിരിക്കുന്നതും കാണിക്കുന്നു.രക്ഷിതാക്കളുടെ പിറകിൽ കൃഷ്ണ വിഗ്രഹവും ദൃശ്യങ്ങളിൽ കാണാം. വീട്ടിലെത്തിയ അവൾ കോളിംഗ് ബെല്ലടിക്കുന്നു.
അമ്മ വാതിൽ തുറന്നപ്പോൾ ഉടൻ അവരെ കെട്ടിപ്പിടിക്കുന്നു. അച്ഛൻ അവളെ ആശ്വസിപ്പിക്കുന്നതിനായി നെറുകയിൽ തലോടുന്നതും കാണാം. തുടർന്ന് അമ്മ ഗുജറാത്തിൽ ഇങ്ങനെ സംഭവിക്കുമോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ചോദിക്കുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഇത് പതിവായിരുന്നുവെന്നും അവർ വന്നാൽ ഇത് വീണ്ടും സംഭവിക്കുമെന്നുമായിരുന്നു അച്ഛന്റെ മറുപടി. ഭയപ്പെടേണ്ടതില്ല, മോദി ഇവിടെയുണ്ട്. ആരും വരില്ലെന്നും പറഞ്ഞ് മകളെ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
https://www.facebook.com/Malayalivartha



























