വാസ്കോഡഗാമ- പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം; എട്ടു യാത്രക്കാർക്ക് പരിക്ക്

വാസ്കോഡഗാമ പാറ്റ്ന എക്സ്പ്രസ് പാളം തെറ്റി രണ്ടു മരണം. എട്ടു യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലിന് യുപിയിലെ ബാംദ ജില്ലയിലായിരുന്നു സംഭവം നടന്നത്. ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റി. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് പാറ്റ്ന-ഗോവ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉത്തർപ്രദേശിൽ ഈയടുത്ത് നാല് വലിയ ട്രെയിൻ അപകടങ്ങളാണ് നടന്നത്.
ഈ നാല് അപകടങ്ങളിലായി 22 ജീവനുകളാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 19 ന് ഖട്ടോലിയിൽ ഉണ്ടായ അപകടത്തിൽ 20 പേരാണ് മരിച്ചത്. പുരി-ഹിദ്വാർ ഉത്കൽ എക്സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തിൽ എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ ഏഴിന് വീണ്ടും ട്രെയിൻ അപകടമുണ്ടായി.
സോൻഭദ്ര ജില്ലയിൽ ശക്തിപുഞ്ച് എക്സ്പ്രസ് പാളം തെറ്റി. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. ഓഗസ്റ്റ് 23 ന് വീണ്ടും ട്രെയിൻ അപകടം. ഡൽഹിയിൽനിന്നുള്ള കൈഫിയാത് എക്സ്പ്രസിന്റെ ഒമ്പതു കോച്ചുകൾ പാളം തെറ്റി. ഔര്യ ജില്ലയിലുണ്ടായ അപകടത്തിൽ 21 പേർക്കാണ് പരിക്കേറ്റത്. തുടർച്ചയായ ട്രെയിൻ അപകടങ്ങളെ തുടർന്ന് അടുത്തിടെ റെയിൽവെ മന്ത്രിയെ മാറ്റിയിരുന്നു. സുരേഷ് പ്രഭുവിനെ മാറ്റി പിയൂഷ് ഗോയലിനാണ് ചുമതല നൽകിയത്. എന്നാൽ മന്ത്രിമാറിയിട്ടും പാളത്തിലെ അപകടങ്ങൾക്ക് കുറവില്ലെന്നാണ് ഉത്തർപ്രദേശിലെ വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha



























