മാതാപിതാക്കൾ എട്ട് വയസുകാരിയെ മരത്തിൽ കെട്ടിയിട്ടു; തളർന്ന് അവശയായ കുട്ടിയെ രക്ഷിച്ചത് വനിത കമ്മീഷൻ

എട്ടുവയസുകാരിയായ മകൾ ലഹരിയ്ക്ക് അടിമയായതിനാൽ മാതാപിതാക്കൾ മരത്തിൽ കെട്ടിയിട്ടു. ഡൽഹിയിലെ ആനന്ദ് വിഹാർ മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് താമസിക്കുന്ന 11 അംഗ ദരിദ്ര കുടുംബത്തിലെ കുട്ടിയെയാണ് മാതാപിതാക്കൾ ചേർന്ന് മരത്തിൽ കെട്ടിയിട്ടത്. ഒടുവിൽ ഡൽഹി വനിതാകമ്മീഷൻ അധികൃതർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മുഴുക്കുടിയനായ പിതാവിനും ഗർഭിണിയായ മാതാവിനുമൊപ്പമാണ് കുട്ടികൾ കഴിഞ്ഞു വന്നിരുന്നത്. എന്നാൽ പെൺകുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് കെട്ടിയിട്ടതെന്നുമാണ് പിതാവ് കമ്മീഷനോട് പറഞ്ഞത്. അതേസമയം, തളർന്ന് അവശയായ നിലയിലാണ് തങ്ങൾ കുട്ടിയെ രക്ഷിച്ചതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൽ പറഞ്ഞു.
മെട്രോ സ്റ്റേഷന് സമീപം ഭിക്ഷാടനത്തിൽ ഏർപ്പെട്ട ഒരു കുട്ടിയുടെ പുനരധിവാസവുമായി ഇവിടെയെത്തിയപ്പോഴാണ് ഈ കുട്ടിയുടെ സഹോദരിയെ മരത്തിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് പൊലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹായത്തോടെ കുടുംബത്തെ കൗൺസിലിംഗിന് വിധേയമാക്കിയ കമ്മീഷൻ കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha



























