മോദി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതെല്ലാം രാജ്യത്തിന്റെ കോട്ടങ്ങൾ; ഭീകരവാദവും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയപ്പോള്‍ കടുത്ത പ്രതിസന്ധി നേരിട്ടത് ജനങ്ങൾ; ഉമ്മൻ ചാണ്ടി

മോദി സർക്കാരിനെ വിമർശിച്ച് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മോദി സര്‍ക്കാരിന്റെ നേട്ടമായി അവകാശപ്പെടുന്നതെല്ലാം രാജ്യത്തിന്റെ കോട്ടങ്ങളാണെന്നും ഭീകരവാദവും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ നോട്ടു അസാധുവാക്കല്‍ നടപ്പിലാക്കിയപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ ജനങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി പുരസ്കാര സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
'നോട്ട് അസാധുവാക്കി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു നികുതി എന്ന് കൊട്ടി ഘോഷിച്ചാണ് ജിഎസ്ടി നടപ്പിലാക്കിയത്. മുദ്രാവാക്യം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും നികുതി സംവിധാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്താകമാനം ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ എക്സൈസ് നികുതി ഉയര്‍ത്തി. അതുകൊണ്ട് പെട്രോള്‍ വില ഏറ്റവും കൂടിയ രാജ്യമായി ഇന്ത്യ മാറി. എല്ലാ മേഖലകളിലും മോദി സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പ്രതീക്ഷ കോണ്‍ഗ്രസിലും രാഹുല്‍ ഗാന്ധിയിലുമാണ്.
സഹിഷ്ണുതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. എന്നാല്‍, വിമര്‍ശനങ്ങളെ വകവയ്ക്കാത്ത സഹിഷ്ണുതയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മാധ്യമങ്ങളെ ഉള്‍പ്പെടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സകലരെയും പുറത്താക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാരിനുള്ളത്. യുഡിഎഫിന്റെ ആശയമായാണ് രമേശ് ചെന്നിത്തലനയിക്കുന്ന പടയൊരുക്കം ആരംഭിച്ചത്. എന്നാല്‍, ആ യാത്ര ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്'- ഉമ്മൻ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha



























