ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് വനിതാ ജഡ്ജിക്ക് പോലും രക്ഷയില്ല

ഗ്വാളിയറിലെ ഒരു വനിതാ ജഡ്ജിയാണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് രാജിവെച്ചത്. ജൂലായ് 15ന് രാജിവെച്ച അഡീഷണല്‍ ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി നല്‍കിയിരിക്കുകയാണ്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ ഗ്വാളിയര്‍ ബഞ്ചിലുള്ള അഡീഷണല്‍ ജഡ്ജിക്കെതിരെയാണ് പരാതി. തന്നോട് ഒറ്റയ്ക്ക് ബംഗ്ലാവിലെത്തണമെന്നും ജഡ്ജിക്ക് മുന്നില്‍ ഐറ്റം ഡാന്‍സ് ചെയ്യണമെന്നും ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ജില്ലാ രജിസ്ട്രാര്‍ മുഖേന അയച്ച സന്ദേശത്തിലാണ് തന്റെ വസതിയില്‍ നടക്കുന്ന പരിപാടിയില്‍ ഐറ്റം ഡാന്‍ഡ് ചെയ്യാന്‍ ജഡ്ജി ആവശ്യപ്പെട്ടത്. \'മകളുടെ പിറന്നാളാണെന്ന് പറഞ്ഞ് താന്‍ അന്ന് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവായി. ശല്യം സഹിക്കാതെ വന്നതോടെ ഭര്‍ത്താവിനൊപ്പം ജൂണ്‍ 22ന് ഹൈക്കോടതി ജഡ്ജിയെ കാണാന്‍ പോയി. ഭര്‍ത്താവിനൊപ്പം തന്നെ കണ്ടതോടെ ക്ഷോഭിച്ച ജഡ്ജി 15 ദിവസത്തിന് ശേഷം തന്നെ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനോടകം തന്നെ സ്ഥലംമാറ്റി.
പന്ത്രണ്ടാം ക്ലാസില്‍ മകള്‍ പഠിക്കുന്നത് പോലും കണക്കിലെടുക്കാതെയാണ് തന്നെ സ്ഥലംമാറ്റിയത്. സ്ഥലംമാറ്റുന്നത് എട്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന അപേക്ഷയും നിരസിക്കപ്പെട്ടു. അതോടെ താന്‍ നേരിട്ട് ജഡ്ജിയെ വിളിച്ച് അപേക്ഷിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന്റെ ഫലമാണ് അനുഭവിക്കുന്നതെന്നാണ് മറുപടി പറഞ്ഞത്. തന്റെ കരിയര്‍ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ വന്ന് കാണാത്തതിന്റെ ഫലം ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞു. മറ്റ് പോംവഴിയില്ലാതെയും മാനംക്കേട് സഹിക്കാനാകാതെ സ്ത്രീത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിക്കാനും മകളുടെ ഭാവിയും കണക്കിലെടുത്ത് രാജിവെക്കുകയായിരുന്നു-പരാതിയില്‍ പറയുന്നു.
ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ വിശാഖ കമ്മിറ്റിയുടെ അധ്യക്ഷപദവി വഹിക്കുന്ന ജഡ്ജിക്കാണ് ഈ ദുര്‍ഗതി. ഡല്‍ഹിയിലെ കോടതികളിലായി 15 വര്‍ഷം പ്രാക്ടീസിന് ശേഷം മധ്യപ്രദേശിലെ ഹയര്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ പാസായ അവര്‍ 2011 ആഗസ്ത് ഒന്നിന് ഗ്വാളിയറില്‍ നിയമിക്കപ്പെട്ടു. ജസ്റ്റിസ് ഡി.കെ പാലിവാലിന് കീഴില്‍ പരിശീലനത്തിന് ശേഷം 2012 ഒക്‌ടോബറില്‍ ഗ്വാളിയറിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. 2013 ഏപ്രിലിലാണ് വിശാഖ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണാകുന്നത്. 2014 ജനവരിയിലെ അവരെക്കുറിച്ചുള്ള രഹസ്യറിപ്പോര്‍ട്ടില്‍ ശ്രേഷ്ഠവും വിശിഷ്ഠവുമെന്നാണ് അവരുടെ സേവനത്തെ വിലയിരുത്തിയിരിക്കുന്നത്.
വനിതാ ജഡ്ജിയുടെ പരാതി തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു. അത് കിട്ടിയാലുടന്‍ പരിശോധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha