ബംഗളുരുവില്‍ നിന്ന് കൈയ്യിലൊരു സഞ്ചി മാത്രമായി വിമാനത്തില്‍ കൊച്ചിയിലെത്തി..; ഒരു കാക്കയുടെ ജീവന്‍ രക്ഷിക്കാന്‍ മുകേഷ് പറന്നത് 650 കിലോമീറ്റര്‍!

കൊച്ചിയില്‍ ഒരു വീടിന്റെ മുറ്റത്ത് ഒരു കാക്ക നൂലില്‍ കുടുങ്ങിക്കിടക്കുന്നു, വിടുവിക്കാനാവുന്നില്ല എന്നറിയിച്ചുകൊണ്ട് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ മുകേഷ് ജെയിനെ തേടി എത്തിയപ്പോള്‍ മകളോടൊപ്പം കുറച്ചു ദിവസം ചിലവിടാന്‍ ബംഗളുരുവില്‍ എത്തിയതായിരുന്നു മുകേഷ് ജെയിന്‍.
കാക്കയുടെ ജീവന്‍ രക്ഷിക്കാനായി എല്ലാ വഴികളും പറഞ്ഞുനോക്കിയെങ്കിലും രക്ഷയില്ലെന്ന് കണ്ടതോടെ മുകേഷ് ജെയിന്‍ ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുകയായിരുന്നു.
മുകേഷ് താമസിക്കുന്ന വീട്ടില്‍ നിന്നും ബെംഗളുരു വിമാനത്താവളത്തിലേയ്ക്ക് ഏകദേശം 40 കിലോമീറ്റര്‍, കൈയില്‍ ഒരു സഞ്ചി മാത്രമെടുത്തു ബംഗളുരു വിമാനത്താവളത്തിലേയ്ക്ക് മുകേഷ് പാഞ്ഞു. കൊച്ചിയിലേയ്ക്കുള്ള രണ്ടരയുടെ വിമാനത്തിന് കയറിയ മുകേഷ് കൊച്ചിയിലിറങ്ങി വോള്‍വോ ബസില്‍ കയറി ഫോര്‍ട്ടു കൊച്ചിയിലെത്തി.
കാക്ക കുടുങ്ങിക്കിടക്കുന്ന വീട്ടില്‍ വൈകുന്നേരത്തിനു മുന്നേ തന്നെ മുകേഷ് എത്തി. ആരും താമസമില്ലാത്ത വീട്ടുവളപ്പിലേയ്ക്ക് കയറാന്‍ പോലും സാധ്യമല്ലായിരുന്ന അവസ്ഥയില്‍ മുകേഷും സുഹൃത്തുക്കളും മതില്‍ ചാടി കെട്ടിടത്തില്‍ കയറി. അവര്‍ കാക്ക കുടുങ്ങിക്കിടന്ന മരത്തിനടുത്തെത്തി. 20 മിനിറ്റിനുള്ളില്‍ തന്നെ കാക്ക കുടുങ്ങിക്കിടന്ന പട്ടത്തിന്റെ ചരട് മുകേഷ് മുറിച്ചുമാറ്റി. ആ ജീവനെ സ്വതന്ത്രമാക്കി. ആ കാക്കയുടെ ജീവനുവേണ്ടി മാത്രമാണ് മുകേഷ് 650 കിലോമീറ്റര്‍ സഞ്ചരിച്ച് കൊച്ചിയില്‍ എത്തിയത്. ഒരു ജീവിയുടെയും ജീവന് വിലയിടാനാവില്ലെന്നാണ് മുകേഷ് ജെയിന്‍ പറയുന്നത്.
ഗുജറാത്ത് സ്വദേശിയായ മുകേഷ് കൊച്ചിയില്‍ ബിസിനസ് ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം നൂറില്‍പ്പരം പറവകളുടെ ജീവന്‍ മുകേഷും കൂട്ടരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. മുകേഷ് അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ്.
https://www.facebook.com/Malayalivartha






















