ആധാറിലെ വിവരം ചോര്‍ത്തല്‍: വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസ്

ആധാറിലെ വിവരം ചോര്‍ത്തി നല്‍കുന്നുവെന്ന വിവരം മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച പത്രത്തിനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ കേസ്. വാര്‍ത്ത പ്രസിദ്ധീകരിച്ച ദി ട്രിബ്യൂണ്‍ പത്രത്തിനും ലേഖിക രചന ഖൈരയ്ക്കുമെതിരെയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കേസ് നല്‍കിയത്. ഇതുകൂടാതെ വാര്‍ത്ത പുറത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി വെളിപ്പെടുത്തിയ പേരുകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും ഐ.പി.സി സെക്ഷന്‍ 419, 420, 471 വകുപ്പുകള്‍, ഐടി ആക്ടിലെ 66ാം വകുപ്പ്, ആധാര്‍ ആക്ടിലെ 36/37 വകുപ്പുകള്‍ എന്നിവ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അലോക് കുമാര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദി ട്രിബ്യൂണിന്റെയും യു.ഐ.ഡി.എ.ഐയുടെയും പ്രതികരണങ്ങള്‍ അറിവായിട്ടില്ല.
100 കോടിയോളം വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ 500 രൂപ കൊടുത്ത് വാട്‌സ് ആപ്പിലൂടെ ലഭിക്കുമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മെമ്ബര്‍ ആയതിന് ശേഷം പേ.ടി.എം വഴിയാണ് പണമടക്കേണ്ടത്. പണമടച്ചതിന് ശേഷം പത്രം 500 രൂപ കൊടുത്ത് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനുള്ള 'ആക്‌സസ്' നേടിയെടുക്കുകയായിരുന്നു. ഏത് ആധാര്‍ നമ്ബര്‍ കൊടുത്താലും ഉടമസ്ഥന്റെ പേര്, വിലാസം, പിന്‍കോഡ്, ഫോട്ടോ, ഫോണ്‍ നമ്ബര്‍, ഇമെയില്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുഞ്ഞിരുന്നു.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് വിവരങ്ങള്‍ ചോരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം പഞ്ചാബിലെ ആധാറിന്റെ ചുമതലയുള്ള അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നടുക്കം രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ വിശദീകരണവുമായി യു.ഐ.ഡി.എ.ഐ രംഗത്തെത്തിയിരുന്നു. ആധാറുമായി ബന്ധപ്പെട്ട 'മുഴുവന്‍' വിവരങ്ങളും പുറത്തു പോയിട്ടില്ലെന്നായിരുന്നു വിശദീകരണം. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















