ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; .ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ല; ഇനി ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ല; ഇന്നലെ പൊലീസ് സംരക്ഷണം കിട്ടിയത് ക്രിമിനലുകൾക്കാണ്; ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാക്കൾ; രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തത്. ഈ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്നും അതിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഇന്ന് ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിക്കുന്ന സാഹചര്യമുണ്ടായി.
ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ല. ഇനി ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു. ഇന്നലെ പൊലീസ് സംരക്ഷണം കിട്ടിയത് ക്രിമിനലുകൾക്കാണെന്ന് ടി.സിദ്ദിഖ് എംഎൽഎ തുറന്നടിച്ചു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫിസ് ഗേറ്റിനു പുറത്തേക്കു മാറുകയും ചെയ്തു.
ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ ആറ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവരെ മാനന്തവാടി ജില്ലാ ജയിലിലേക്കും വൈത്തിരി സബ് ജയിലിലേക്കും മാറ്റുവാനുള്ള പദ്ധതിയിലാണ് ഇപ്പോഴുള്ളത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനെ പ്രതികൂലിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പിഎം ആര്‍ഷോയും രംഗത്ത് വന്നിരുന്നു . ഈ മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നാണ് പ്രസ്താവനയിലൂടെ ഇരുവരും അറിയിച്ചത്. മാത്രമല്ല എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ എസ്എഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
ഈ സംഭവത്തെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പിബി അംഗങ്ങളായ സീതാറാം യെച്ചൂരി, എംഎ ബേബി എന്നിവരും രംഗത്ത് വന്നിരുന്നു.ഒറ്റപ്പെട്ട ഈ സംഭവം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യുമെന്നും അവർ അറിയിച്ചു.
https://www.facebook.com/Malayalivartha