കേരളത്തിലിപ്പോഴും തെരഞ്ഞെടുപ്പു കാലത്ത് കോ-ലീ-ബി സഖ്യം അഥവാ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യം സജീവമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു; ഗുരുജി ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ചടങ്ങില്‍ പങ്കെടുത്ത കാര്യം താന്‍ ഓര്‍മിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍; വി ഡി സതീശന്റെ ആര്‍.എസ്.എസ്.ബന്ധത്തിന് പുതിയ തെളിവുകള്‍

കേരളത്തിലിപ്പോഴും തെരഞ്ഞെടുപ്പു കാലത്ത് കോ-ലീ-ബി സഖ്യം അഥവാ കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യം സജീവമാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു പറഞ്ഞു. എത്ര മറച്ചു വച്ചാലും അത് പൊതുജനത്തിനറിയാവുന്ന സത്യമാണ്. ഇതു മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസുകാര്‍ എത്ര വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ചടങ്ങില്‍ പങ്കെടുത്തകാര്യം താന്‍ ഓര്‍മിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയുമായാണ് ആര്‍.വി.ബാബു രംഗത്തു വന്നത്.
2001-ലും 2006-ലും എറണാകുളത്തു വന്ന് പ്രമുഖനായൊരു ആര്‍.എസ്.എസ് നേതാവിനെക്കണ്ട് സതീശന്‍ ആര്‍.എസ്.എസിന്റെ വോട്ട് അഭ്യര്‍ഥിച്ചിരുന്നു. ഇക്കാര്യം സതീശന്‍ നിഷേധിക്കുകയാണെങ്കില്‍ അതിനുള്ള തെളിവു പുറത്തുവിടുമെന്നും ബാബു പറയുന്നു. ആര്‍.എസ്.എസ്.നേതാവിന്റെ പേര് പറയാത്തത് ആ നേതാവിനെ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടാ എന്നു കരുതിയിട്ടു മാത്രമാണ്. ആവശ്യമെങ്കില്‍ അതു ചെയ്യേണ്ടിവരും. പല കോണ്‍ഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പു സമയത്ത് ആര്‍.എസ്.എസ് നേതാക്കളെ വന്നു കാണാറുണ്ട്.
രണ്ടായിരം മുതല്‍ ആര്‍.എസ്.എസിന്റെ എറണാകുളം തൃശൂര്‍ ജില്ലകളുടെ ചുമതല വഹിക്കുന്നത് താനാണെന്നും ബാബു പറയുന്നു. പറവൂര്‍ കണ്ണംകുളങ്ങറ ക്ഷേത്രഭൂമി മുസിരീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്യാധീനപ്പെടുത്തിയതും പെരുവാരം ക്ഷേത്രവഴി കയ്യേറാനുള്ളശ്രമം തടഞ്ഞതും കച്ചേരി മൈതാനും ടൈല്‍ വിരിച്ചതിലെ അഴിമതി ചൂണ്ടിക്കാട്ടിയതുമാണ് സതീശന് പെട്ടെന്ന് ആര്‍.എസ്.വിരോധം ഉണ്ടാക്കാന്‍ ഇടയാക്കിയതെന്നും ബാബു ആരോപിച്ചു. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതു കണ്ടപ്പോഴാണ് ഫോട്ടോ പുറത്തുവിട്ടത്. ഇതുവ്യാജമാണെന്ന് അദ്ദേഹത്തിനു സംശയമുണ്ടെങ്കില്‍ കോടതിയില്‍ പോകാനും ബാബു വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha