കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണ്; കേരളത്തിന് കേന്ദ്രം നൽകിയ സഹായത്തിൽ യുപിഎ സർക്കാരിൻ്റെ 10 വർഷവുമായി മോദി സർക്കാരിൻ്റെ 8 വർഷത്തെ താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോ? കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും സഹകരണ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കേരളത്തിന് കേന്ദ്രം നൽകിയ സഹായത്തിൽ യുപിഎ സർക്കാരിൻ്റെ 10 വർഷവുമായി മോദി സർക്കാരിൻ്റെ 8 വർഷത്തെ താരതമ്യം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറാണോ? കണക്കുകൾ വെച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു.
കേന്ദ്രം അനുവദിച്ച ഫണ്ടുകൾ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. ഏറ്റവും കൂടുതൽ കേന്ദ്രവിഹിതവും സഹായവും കേരളത്തിന് നൽകിയത് നരേന്ദ്രമോദിയാണ്. കൊവിഡ് കാലത്ത് പട്ടിണിയിൽ നിന്നും സംസ്ഥാനത്തെ രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. വെൻ്റിലേറ്ററിലായ പിണറായി വിജയൻ സർക്കാരിനെ ഓക്സിജൻ കൊടുത്ത് രക്ഷിക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്. കേന്ദ്രം വായ്പ്പ പരിധി വർദ്ധിപ്പിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിൽ ശമ്പളം കൊടുക്കാനാവുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൻ്റെ സാമ്പത്തികരംഗം തകർത്ത ചതിയനാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ പേരിൽ നടക്കുന്ന തട്ടിപ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. സിഎജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. വായ്പയെടുത്ത പണമെടുത്ത് ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ജനങ്ങൾക്ക് ഒരു സഹായവും ചെയ്യാനാവാത്ത സർക്കാരാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha