കോട്ടയത്തെയും പത്തനംതിട്ടയിലെയും രണ്ടു മുൻ എം.എൽ.എമാർ ബി.ജെ.പിയിലേക്ക്; കേരള കോൺഗ്രസുകളുടെ നിരവധി പ്രവർത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നു; മധ്യ കേരളത്തിൽ ക്രൈസ്തവ സഭകളെ പാട്ടിലാക്കാൻ ബി.ജെ.പിയുടെ തന്ത്രം

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടു മുൻ എം.എൽ.എമാരും, നിരവധി കേരള കോൺഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്കെന്ന് സൂചന. പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു മുൻ എം.എൽ.എയും, കോട്ടയത്തെ കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മുൻ എം.എൽ.എയും മുതിർന്ന നേതാക്കളും ബി.ജെ.പിയിലേയ്ക്കു പോകുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
മധ്യ കേരളത്തിൽ ക്രൈസ്തവ സഭയിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സഭയുമായി അടുപ്പമുള്ള രണ്ട് മുൻ എം.എൽ.എമാരെ ബി.ജെ.പി ഒപ്പം കൂട്ടുന്നതെന്നാണ് സൂചന ലഭിക്കുന്നത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുതിർന്ന കേരള കോൺഗ്രസ് നേതാവിനെയാണ് ഇപ്പോൾ ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്നത്. ഇവരുമായുള്ള ആദ്യഘട്ട ചർച്ചകൾ നടന്നതായാണ് ലഭിക്കുന്ന സൂചന.
മറ്റു സംസ്ഥാനങ്ങളിലേതിനു സമാനമായി ജനകീയരായ നേതാക്കളെ പാർട്ടിയിൽ എത്തിച്ച് കൂടുതൽ ജനസ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബി.ജെ.പി ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള രണ്ടു നേതാക്കളെ പാർട്ടിയിലേയ്ക്ക് ആകർഷിക്കാൻ നീക്കം നടത്തുന്നത്. കേരള കോൺഗ്രസിൽ ഇപ്പോൾ അസംതൃപ്തരായി നിൽക്കുന്ന നേതാക്കളെ തന്നെയാണ് ലക്ഷ്യമിടുന്നത്. മുൻ എം.എൽ.എയായ കേരള കോൺഗ്രസ് എമ്മിലെ നേതാവിന് നിലവിൽ കാര്യമായ സ്ഥാനങ്ങളൊന്നുമില്ല.
ഇദ്ദേഹത്തെ ചാക്കിലിടുന്നത് വഴി കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും, നിരവധി പ്രവർത്തകരെയും പാർട്ടിയിലേയ്ക്ക് എത്തിക്കാനാവുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. എന്നാൽ, ഇതുവരെ പാർട്ടിയിലെത്തിച്ച നേതാക്കളെക്കൊണ്ട് ഒന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ജനകീയരായ നേതാക്കളെ തന്നെ ലക്ഷ്യമിട്ടാണ് ഇക്കുറി ബി.ജെ.പി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കോട്ടയം പത്തനംതിട്ട ജില്ലകളിൽ ക്രൈസ്തവ സഭകളിൽ സ്വാധീനമുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് പാർട്ടിയിൽ എത്തിക്കുന്നതിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മലബാർ, തിരുവതാംകൂർ മേഖലകളിൽ ബി.ജെ.പിയ്ക്ക് ഇതിനോടകം ശക്തിയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാലക്കാട്, കാസർകോട് മേഖലകളിൽ പാർട്ടിയ്ക്കു വിജയിക്കാനുള്ള സാഹചര്യം ഉണ്ട്. ചില മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ ഇതിനുള്ള സാഹചര്യം ഉണ്ടാകും. തിരുവനന്തപുരത്തും സമാന രീതിയിലുള്ള സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തിൽ മധ്യ കേരളത്തിൽ കൂടുതൽ ശക്തി വർദ്ധിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും പാർട്ടി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha